Thursday, May 18, 2006

ബല്‍‌റാം ഓടുന്നു, ബാബുവേട്ടന്‍ സൈക്കിള്‍ ചവിട്ടുന്നു

ഐ വി ശശി വീണ്ടും നല്ല കാലത്തിലേക്ക് എത്തുമ്പോള്‍ മറ്റൊരാള്‍ കോടമ്പാക്കത്തെ തെരുവുകളിലൂടെ അന്നത്തിനു വകതേടി സൈക്കിള്‍ ചവിട്ടുന്നുണ്ട്. ഐ.വി സതീഷ് ബാബു. ഐ.വി ശശിയുടെ അനിയന്‍. മികച്ച കലാസംവിധായകനുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുള്ള വ്യക്തി. നമ്മള്‍ ഓര്‍ത്തിരിക്കുന്ന പല ഐ.വി ചിത്രങ്ങളുടെയും കലാസംവിധായകന്‍ ഐ.വി സതീഷ് ബാബുവായിരുന്നു.

ചെന്നൈയില്‍ വന്ന സമയം, ഒരു ഞായറാഴ്ച റൂമിലേക്ക് എത്തിയ അപരിചിതനായി ആയിരുന്നു ഐ.വി സതീഷ് ബാബുവുമായുള്ള എന്റെ ആദ്യ കണ്ടുമുട്ടല്‍. അത്യാവശ്യം സിനിമ ബന്ധങ്ങളുള്ള സഹമുറിയന്‍ ഗോപകുമാറാണ് പരിചയപ്പെടുത്തിയത്. മെല്ലിച്ച് പാതി കഷണ്ടി തിന്ന തലയും നന്നായി കറുപ്പിച്ച മീശയുമായി, ഒരുകാലത്തെ പ്രശസ്തിയുടെ ചിരിയേതുമില്ലാതെ.

അത്യാവശ്യം പെയിന്റിംഗ് ജോലികളും ഇടയ്ക്കു കിട്ടുന്ന സിനിമയുടെ ടൈറ്റില്‍ ജോലികളുമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതമാര്‍ഗമാകുന്നത്. പണവും പ്രശസ്തിയും അസ്തമിച്ചതോടെ ഭര്‍ത്താവിനെ വേറെ ചില പേരുകള്‍ വിളിച്ചു തുടങ്ങിയ ഭാര്യയെക്കുറിച്ച് ബാബുവേട്ടന്‍ പറയാറുണ്ട്.

ഇപ്പോള്‍ വൈകുന്നേരങ്ങളില്‍ ഞങ്ങളുടെ ടെലിവിഷനുമുന്നിലെ കാഴ്ചക്കാരനായി അദ്ദേഹം എത്തും. സിനിമയുടെ അണിയറ കഥകളും പഴയ സിനിമകളെക്കുറിച്ചും ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തന്നും ഇടയ്ക്കു കടം വാങ്ങിയും നിസംഗനായി ഒരു മനുഷ്യന്‍. യഥാര്‍ഥ താര ലോകത്തിന് അപ്പുറമുള്ള ഒരു ജീവിതമാണ് അദ്ദേഹം നല്‍കുന്നത്. ഇപ്പോഴത്തെ ചെറുപ്പക്കാര്‍ സാങ്കേതികതയില്‍ മാത്രം ഊന്നുന്നവരാണെന്നാണ് അദ്ദേഹത്തിന്റെ പ്രധാന വിമര്‍ശനം.

സീമയുടെ കടന്നു വരവും അധികാരം പിടിച്ചെടുക്കലുമാണ് ഐ.വി ശശിയുടെ തിരിച്ചടികള്‍ക്ക് തുടക്കമായത് എന്നാണ് നിരീക്ഷണം.

ഇങ്ങനെയെല്ലാമായ ബാബുവേട്ടനുമായി ബ്ലോഗുലകത്തിലെ ഒരു സീനിയര്‍ ബ്ലോഗര്‍ ഒരിക്കല്‍ ഏറ്റുമുട്ടി. സിനിമക്കാര്‍ എല്ലാവരും മോശക്കാരാണെന്ന അഭിപ്രായവുമായി ബ്ലോഗര്‍ ഒരു വശത്തും നിങ്ങള്‍ അങ്ങനെ പറയരുതെന്ന വാദവുമായി ബാബുവേട്ടന്‍ മറുവശത്തും.

പിന്നെ നടന്നത് ഘോര സംഘടനമാണ്. അകമ്പടിയായി ബിയര്‍ പലതു പൊട്ടിയതോടെ വിഷയം പുതിയ തലങ്ങളിലെത്തി. ഒടുവില്‍ അവളുടെ രാവുകളിലെ സീമയുടെ അഭിനയത്തെ കുറിച്ചുള്ള സംഭാഷണത്തിലെത്തിയപ്പോള്‍ നമ്മുടെ കലാസംവിധായകന്‍ ഇറങ്ങി ഓടിക്കളഞ്ഞു.

7 Comments:

Blogger Sreejith K. said...

ഐ.വി സതീഷ് ബാബു അവര്‍കള്‍ ഈ ബ്ലോഗ്ഗ് കണ്ടിരുന്നോ? കണ്ടിരുന്നെങ്കില്‍ വായിച്ചിട്ട് എന്ത് അഭിപ്രായം പറയുമോ എന്തോ. എന്തിരുന്നാലും, എഴുത്ത് നന്നായിരിക്കുന്നു.

6:11 AM  
Anonymous Anonymous said...

ആനക്കൂടാ, ഇതൊക്കെ കുറച്ച് കൂടുതലാ കേട്ടാ. ഉം.. ഞാനൊന്നും പറയുന്നില്ല.

6:32 AM  
Blogger തണുപ്പന്‍ said...

ഊം ഊം.... പരദൂഷണം.....

1:28 PM  
Blogger ആനക്കൂടന്‍ said...

കൂട്ടുകാരെ,
ശ്രീരാമന്റെ വേറിട്ട് കാഴ്ചകള്‍ പോലൊന്ന് എഴുതാന്‍ ശ്രമം നടത്തിയതാ. പക്ഷെ, അക്ഷരം എന്നോടു പറഞ്ഞു.. നീ പോ മോനെ ദിനേശാ എന്ന്...

10:05 PM  
Blogger സ്വാര്‍ത്ഥന്‍ said...

ഗോസിപ്പുകള്‍ക്കുപരിയായ മോളീവുഡ് പിന്നാമ്പുറക്കഥകള്‍ക്കായി കാത്തിരിക്കുന്നു...

2:01 AM  
Blogger Santhosh said...

എന്നിട്ട്, എന്നിട്ടെന്തായി? (ഞാനും സ്വാര്‍ത്ഥനെപ്പോലെയാ, എനിക്ക് ഗോസിപ്പുകളോട് അശേഷം താല്പര്യമില്ല, കേട്ടോ!)

1:25 PM  
Blogger ആനക്കൂടന്‍ said...

സ്വാര്‍ത്ഥാ, സന്തോഷ്: മലയാള സിനിമയിലെ നമ്മള്‍ മറന്നു കഴിഞ്ഞ ചില പഴയ സിംഹങ്ങളെ ഇവിടെ എത്തിക്കാന്‍ ശ്രമിക്കാം.

9:41 PM  

Post a Comment

<< Home