Friday, May 26, 2006

എന്റെ ദക്ഷ

“നകൂ, ഞാന്‍ മരിക്കാന്‍ പോകുന്നു”. പാതിരാത്രിയില്‍ സെല്‍ഫോണിലൂടെ ദക്ഷയുടെ നേര്‍ത്ത സുഖമുള്ള സ്വരം കേട്ടപ്പോള്‍ ഞാന്‍ അമ്പരന്നില്ല.

പതിവ് ചായക്കൂട്ടുകള്‍ക്കിടയില്‍, ഇടയ്ക്കെപ്പോഴോ ചിന്തിക്കാന്‍ കിട്ടുന്ന ഇടവേളയില്‍ അവള്‍ക്ക് തോന്നുന്ന വികാരം. ജീവിതം എന്തിന്? ഒരു നിമിഷം കൊണ്ട് തീര്‍ന്നു പോകാനായി‍. സ്നേഹിക്കാന്‍ തുടങ്ങുമ്പോള്‍ തിരികെ എടുക്കപ്പെടുന്ന ഒന്നായി. അവള്‍ പലതു ചിന്തിച്ചു കൂട്ടും.

പത്താം നിലയിലുള്ള ഓഫീസിലെത്താന്‍ ലിഫ്റ്റില്‍ കയറുമ്പോള്‍ ഒറ്റയ്ക്കാണെങ്കില്‍ ഭയക്കുന്നവള്‍. ‘നകൂ, ആരോ അതിനുള്ളില്‍ വന്ന് എന്നെ നോക്കി ചിരിക്കാന്‍ തുടങ്ങി, ചിരിച്ചു ചിരിച്ച്’...

എല്ലാത്തിനും പോംവഴി പോലെയാണോ അവള്‍ കലപില സംസാരിക്കാന്‍ തുടങ്ങിയത്. അര്‍ധരാത്രിയിലാവും അവള്‍ ചിലപ്പോള്‍ വിളിക്കുക. ഒരുമണിക്കൂറോളം ഞാനെപ്പോഴോ മറന്നുപോയ ഏതൊക്കെയോ കാര്യങ്ങള്‍ പറഞ്ഞിട്ട് അവള്‍ പറയും. ‘ഞാന്‍ വരട്ടെ നിന്റെ ഫ്ലാറ്റിലേക്ക്. മൊട്ടമാടിയില്‍ പോയിരുന്ന് നമുക്ക് വെറുതെ സംസാരിച്ചു കൊണ്ടിരിക്കാം’.

‘വേണ്ട നീ കിടന്നുറങ്ങാന്‍ നോക്കൂ’ എന്ന് ശാസിച്ച് ഞാന്‍ സെല്‍ ഓഫ് ചെയ്യും.

ഏതോ ഒരു ദിവസത്തില്‍ ഓഫീസിലേക്കുള്ള യാത്രയ്ക്കുള്ള വഴിയില്‍ കണ്ടു മുട്ടിയപ്പോള്‍ അവള്‍ പറഞ്ഞു, ‘നകൂ എനിക്ക് നിന്നോട് പ്രണയം തോന്നിത്തുടങ്ങുന്നു. നിനക്കോ?’

‘എനിക്കിമ്പോഴും നീ നല്ല സുഹൃത്ത്, അതിനപ്പുറം ഒന്നുമില്ല’-അവളുടെ മുഖത്ത് കുസൃതിച്ചിരി. ‘ഞാന്‍ വെറുതെ പറഞ്ഞതാ നീ ടെന്‍ഷന്‍ അടിക്കണ്ട’ എന്ന ഒരു തിരിച്ചടി കൂടി നല്‍കി അവള്‍ തിരിഞ്ഞു നടന്നു.

ഒന്നിച്ച് ഒരേ കലാലയത്തില്‍ ഒരേ ക്ലാസില്‍ പഠിച്ചതും ഒരേ സ്ഥലത്ത് ജോലി കിട്ടി എത്തിയതും ഞങ്ങള്‍ക്കിടയിലെ യാദൃശ്ചികത. അമ്മയില്ലാത്ത ഒരു കുട്ടിയോടുള്ള അനുകമ്പ അല്ലായിരുന്നു എനിക്കവളോട്. പ്രസന്നമായ ആ മുഖമാണ് ഞാന്‍ ഇഷ്ടപ്പെട്ടത്. നകുലന്‍ അവിടെ ഉണ്ടല്ലോ ഒരു ആവശ്യത്തിന് എന്ന് അവളുടെ അച്ഛന്‍ പറയും.

പക്ഷെ, കൂടുതല്‍ അടുത്തറിയാന്‍ തുടങ്ങിയപ്പോള്‍ പലപ്പോഴും അകലാന്‍ തോന്നി. ഒരു ബന്ധത്തേയും കൂടുതല്‍ അടുപ്പിക്കാന്‍ അനുവദിക്കാത്ത എന്റെ മനസാവാം കാരണം. അല്ലെങ്കില്‍ എന്റെ മേല്‍ ആരെങ്കില്‍ അമിത സ്വാതന്ത്ര്യം എടുക്കുന്നതിലുള്ള ഇഷ്ടമില്ലായ്ക.

ഒരവധിക്കാലത്ത് ദക്ഷ വീട്ടില്‍ വന്നു പോയപ്പോള്‍ മുത്തശ്ശിയും അമ്മയും പറഞ്ഞു. ആ കുട്ടിയെ ഇങ്ങ് കൊണ്ടു വന്നോളൂ. സൌഹൃദം നടിച്ചു നടന്ന് ഒടുവില്‍ എല്ലാവരെയും പറ്റിച്ച് രഹസ്യമായി വിവാഹിതരായ കൂട്ടുകാരിയോടും കൂട്ടുകാരനോടും ദക്ഷ പറഞ്ഞ വാക്കുകള്‍ ഞാനപ്പോള്‍ ഓര്‍ത്തെടുത്തു. എന്റെ സൌഹൃദത്തെ പ്രണയം കൊണ്ട് തൊട്ട് അശുദ്ധമാക്കാന്‍ ഞാനില്ലെന്ന്.

ഇപ്പോള്‍ ഈ പാതി രാത്രിക്ക് അവള്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നുവത്രെ.

“എന്താണ് ദക്ഷ, നിനക്കെന്താ പറ്റുന്നത്”

“ആരൊക്കെയോ എന്റെ ചുറ്റും നിന്ന് ചിരിക്കുന്നു നകൂ”

“എല്ലാം നിന്റെ തോന്നലാണ്. നീ കിടന്നുറങ്ങൂ”

“എനിക്ക് മരിക്കണം”

ചെറിയ ഒരു വിറയല്‍ എന്റെ കൈകളില്‍ പടര്‍ന്നത് ഞാന്‍ അറിഞ്ഞു.

“ദക്ഷാ ഞാനില്ലെ നിന്റെ കൂടെ. നാമം ചെല്ലൂ, എന്നിട്ട് നക്ഷത്രങ്ങളേയും നിന്റെ പ്രീയപ്പെട്ട റോസാപ്പൂക്കളേയും സ്വപ്നം കണ്ടുറങ്ങൂ”

“നീയുണ്ടോ എന്റെ കൂടെ”

“ഉണ്ട് ദക്ഷ, ഞാനുണ്ട് എപ്പോഴും”

“നകൂ, നിനക്ക് എന്നെയൊന്ന് ചേര്‍ത്തു പിടിച്ചു കൂടെ, ഒരു കഥ പറഞ്ഞു തന്നു കൂടെ” അവളുടെ സ്വരം തീരെ നേര്‍ത്തു പോവുന്നത് ഞാനറിഞ്ഞു.

“എനിക്കു കഥകള്‍ അറിയില്ല ദക്ഷ”

“നീ കള്ളം പറയുന്നു. മുത്തശ്ശി എത്ര കഥകള്‍ നിനക്ക് പറഞ്ഞ് തന്നിട്ടുണ്ട്”

“ഉണ്ട്, പക്ഷെ, എനിക്ക് കഥ പറഞ്ഞു തരാന്‍ അറിയില്ലല്ലോ. നീ മുത്തശ്ശിയെ വിളിച്ചോളൂ”

“എനിക്ക് നിന്റെ കഥകള്‍ കേള്‍ക്കണം” അവള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ഞാനവള്‍ക്ക് മുത്തശ്ശി പണ്ടെന്നോ എന്റെ മനസിലേക്ക് പകര്‍ന്ന പാവയ്ക്കാക്കൊച്ചിന്റെ കഥ പറഞ്ഞു കൊടുത്തു.

പിന്നീടുള്ള രണ്ടു ദിവസം ദക്ഷ എന്നെ വിളിച്ചില്ല. രാവിലെ ഒരേവഴിയില്‍ ഒത്തു ചേര്‍ന്നുള്ള പിരിയലും ഉണ്ടായില്ല. തിരക്ക് പിടിച്ച ജോലിക്കിടയില്‍ നീണ്ടു പോകുന്ന സംഭാഷണത്തിലേക്കായി എന്റെ മൊബൈലില്‍ അവള്‍ എത്താത്തതില്‍ എനിക്ക് സന്തോഷം തോന്നാതെയുമിരുന്നില്ല.

മൂന്നാം നാള്‍ രാത്രിയില്‍ ഓഫീസില്‍ നിന്നും ഫ്ലാറ്റിലേക്ക് ചെന്നു കയറുമ്പോള്‍ വരാന്തയിലെ ചാരു കസേരയില്‍ കിടന്നു മയങ്ങുന്ന ദക്ഷയെ കണ്ട് ഞാന്‍ അമ്പരന്നു. ഞാനവളെ തൊട്ടു വിളിച്ചു.

അവള്‍ പരിഭ്രമിച്ചിരുന്നു. രണ്ടു ദിവസത്തെ ചിന്തയുടെ ഭാരം ഞാനവളില്‍ കണ്ടു. അവളുടെ അമ്മ വീണ്ടും നക്ഷത്രങ്ങള്‍ക്ക് ഇടയിലിരുന്ന് വിളിച്ചിരിക്കാം. ഒരു പുതപ്പിനുള്ളിലേക്ക് ചുരുണ്ടു കൂടി അവള്‍ പലവട്ടം ഞെട്ടികരഞ്ഞിരിക്കാം. പത്താം നിലയിലേക്കുള്ള ലിഫ്റ്റില്‍ ഒറ്റക്കു യാത്ര ചെയ്യുമ്പോള്‍ ആരോ അവളുടെ മുന്നില്‍ വന്ന് ചിരിച്ചു മറിഞ്ഞിരിക്കാം.

എനിക്ക് എന്തു ചെയ്യണമെന്ന് അറിയാതാകുന്നു. ഒരു നിഴല്‍ പോലെ തുടര്‍ന്ന എന്റെ നിശബ്ദതയുടെ താളങ്ങളെ തകര്‍ത്തു കൊണ്ട് എന്നെ ഗൃഹാതുരത്വത്തില്‍ നിന്നും പിടിച്ചുണര്‍ത്തിയവള്‍.

“നകൂ, ഞാന്‍ വെറുതെ, എനിക്കെന്റെ അമ്മയെ ഓര്‍മ്മ വന്നു. നിന്റെ മുത്തശ്ശിയെ ഓര്‍മ്മവന്നു. എനിക്കു നീയൊരു കഥ പറഞ്ഞു തരുമോ. വാക്കത്തിക്ക് പനിപിടിച്ച കഥ, പാവയ്ക്കാക്കൊച്ചിന്റെ കഥ”

എന്റെ അമ്പരപ്പ് എപ്പോഴാണ് അവസാനിച്ചതെന്നും ഞാനെപ്പോഴാണ് കഥ പറഞ്ഞു തുടങ്ങിയതെന്നും അത് എവിടെയാണ് അവസാനിച്ചതെന്നും എനിക്കറിയില്ല. ഉണരുമ്പോള്‍ കട്ടിലിനരികെ സ്റ്റൂളില്‍ ഒരു കപ്പ് കാപ്പിയുണ്ടായിരുന്നു. പത്രമുണ്ടായിരുന്നു. അടുക്കളയില്‍ പാത്രങ്ങള്‍ കൂട്ടിമുട്ടുന്ന ശബ്ദമുണ്ടായിരുന്നു. ഞാനറിഞ്ഞു. കഥ അവസാനിച്ചിട്ടില്ലെന്ന്. ഞാന്‍ കാതോര്‍ക്കുകയാണ് എന്റെ ദക്ഷയുടെ ആദ്യ ശകാരത്തിനായി.

31 Comments:

Anonymous Anonymous said...

ആനക്കൂടനെ എനിക്ക് നേരിട്ട് പരിചയം ഉള്ളതുകൊണ്ട് കഥയെ പുകഴ്ത്തുന്നില്ല. മുത്തശ്ശിക്കഥയില്‍ നിന്ന് ജീവിതത്തിലേക്കുള്ള ദൂരവും അടുപ്പവും വെറുതെ ഒബ്‌സര്‍വ് ചെയ്യുന്ന ഈ പ്രണയകഥ എനിക്കിഷ്ടപ്പെട്ടുവെന്ന് എഴുതാതെ വിടുന്നത് ശരിയുമല്ല.

11:40 PM  
Blogger ചില നേരത്ത്.. said...

കഥ നന്നായി ആനക്കൂടാ (ഇതെന്ത് പേരിഷ്ടാ)

ബൂലോകത്തിലേക്ക് സ്വാഗതം (ഞാനല്‍പ്പം വൈകി.)

12:41 AM  
Blogger vinayan said...

കഥ നന്നായിരിക്കുന്നു. കേരളകൌമുദിയില്‍ വന്ന കഥയും കണ്ടിരുന്നു. കേരളകൌമുദി കഥയേക്കാള്‍ ഇത് വളരെ വളരെ നന്നായിട്ടുണ്ട്.

പുതിയത് വല്ലതും വേറെ എവിടെയെങ്കിലും വന്നിട്ടുണ്ടോ?

ഇപ്പഴും പഴയ കമ്പനി തന്നെ? ബിജോയ്സില്‍ കാണാറേയില്ലല്ലോ!!

1:32 AM  
Anonymous Anonymous said...

ആഹാ ഇങ്ങനെ ചിലരൊക്കെ ഇവിടെയുണ്ടല്ലേ. ബെന്നി എന്താ ആ‍നക്കൂടനെ പരിചയപ്പെടുത്താഞ്ഞതു്? കഥ നന്നായിരിക്കുന്നു മാഷെ. എന്തു രസമുള്ള പേരുകള്‍ ദക്ഷയെന്നും നകുവെന്നും :)

2:18 AM  
Blogger Visala Manaskan said...

കഥയും കഥാകൃത്തിന്റെ പേരും കഥാ പാത്രങ്ങളുടെ പേരുകളും കൊള്ളാം.

നല്ല പോസ്റ്റ്.

4:21 AM  
Blogger ബിന്ദു said...

നല്ല കഥ.
:)

6:04 AM  
Blogger Kuttyedathi said...

ഇതു വളരെ മനോഹരമായിരിക്കുന്നല്ലോ. ബെന്നി എന്തേ ആനക്കൂടനെ പരിചയപ്പെടുത്തിയില്ലാ ? കേരള കൌമുദിയിലൊക്കെ കഥ വന്നിരുന്നോ ? തോടുപുഴക്കാരനായതില്‍ എനിക്കും അഭിമാനം. എന്റെ നാട്ടിലുമുണ്ടേ കല തൊട്ടു തീണ്ടിയവര്‍ എന്നു പറയാമല്ലോ.

8:41 AM  
Blogger സു | Su said...

ആനക്കൂടന്‍ :) നല്ല കഥ .

9:19 AM  
Blogger പരസ്പരം said...

നല്ല കഥ ആനക്കൂടന്‍..അല്പ സ്വല്പം തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ട്.ഇനിയും ശ്രദ്ധിക്കുമല്ലൊ. ഈ ആനക്കൂടനെന്ന പേര്‍??കോന്നിയില്‍ ഒരാനക്കൂടുണ്ട്. അവിടെയാണൊ സ്വദേശം?

10:22 PM  
Blogger Kumar Neelakandan © (Kumar NM) said...

ഒരു കഥ വായിച്ചു. :)

11:21 PM  
Blogger Adithyan said...

കഥ നന്നായിരിക്കുന്നു :-)

ബെന്നി പണ്ടൊരു പോസ്റ്റില്‍ പറഞ്ഞ പോലെ, ഇതെന്റെ കഥയാണ്, ഇതെന്റെ കഥ തന്നെയാണ്... ;-)

9:20 AM  
Blogger രാജ് said...

നേരത്തെ കമന്റിട്ട അനോണിമസ് ഈയുള്ളവന്റെ കീബോര്‍ഡാണു്.

11:39 AM  
Blogger Santhosh said...

നല്ല കഥ!

3:56 PM  
Blogger Unknown said...

തൊടുപുഴക്കാരന്‍?
(വെങ്ങല്ലൂര്‍ ആനകൂട്‌ നിവാസി?)
മറ്റൊരു തൊടുപുഴക്കാരന്റെ അഭിവാദ്യങ്ങള്‍, അഭിനന്ദനങ്ങള്‍!

6:46 PM  
Blogger ബിന്ദു said...

ഓഹ്‌ ! നമ്മളിവിടെ നാലഞ്ജു പേരുണ്ടപ്പോള്‍ തൊടുപുഴക്കാര്‍.

7:04 PM  
Anonymous Anonymous said...

അതുശരി.. അപ്പോള്‍ തൊടുപുഴക്കാരെല്ലാം കൂടി ഒന്നായല്ലേ? (തൃശ്ശൂര്‍ക്കാരായ എല്ലാ ബ്ലോഗര്‍മാരേയും ഒരു കൂട്ടായ്മയുണ്ടാക്കാന്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നു!!)

ആനക്കൂടനെപ്പറ്റി ഇതാ ചെറിയൊരു ആമുഖം : തൊടുപുഴയിലെ ആനക്കൂടെന്ന സ്ഥലത്ത് ജനനം. പഠിപ്പൊക്കെ തൊടുപുഴയില്‍ തന്നെ. ഡിഗ്രി കഴിഞ്ഞ് ജേണലിസം ഡിഗ്രി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍. കുട്ട്യേടത്തിയുടെ ജൂനിയര്‍ ആയിരുന്നു. കണ്ടാല്‍ ഒരുപക്ഷേ കുട്ട്യേടത്തി അറിയുമായിരിക്കും.

കഴിഞ്ഞ 4 വര്‍ഷക്കാലമായി വെബ്ദുനിയയില്‍. വെബ്‌ലോകം പോര്‍ട്ടല്‍ ആക്റ്റിവിറ്റീസുമായി തിരുവനന്തപുരത്തായിരുന്നു, ഇതുവരെയും. ഇപ്പോള്‍ ചെന്നൈയില്‍, വെബ്ദുനിയയുടെ സതേണ്‍ ലോക്കലൈസേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍.

ഇടക്കൊക്കെ പ്രദീപ് കഥയെഴുതാറുണ്ട്. റേഡിയോയിലും ആനുകാലികങ്ങളിലും വരാറുണ്ട്.

(ദൈവമേ, പ്രദീപ് ഓഫീസില്‍ എത്തുന്നതിന് മുമ്പായി ഇത് അടിച്ചു തീര്‍ക്കാന്‍ സഹായിച്ചതില്‍ നന്ദി. പ്രദീപ് എത്തിയാല്‍ ഇതിന് സമ്മതിക്കുകയില്ല..)

9:39 PM  
Blogger ദേവന്‍ said...

താമസിച്ചു വായിച്ചെങ്കിലെന്താ, ആസ്വദിച്ചു തന്നെ വായിച്ചു. എഴുതി തെളിഞ്ഞ തെളിച്ചം കഥയിലുണ്ട്‌ ആനക്കൂടാ

9:58 PM  
Anonymous Anonymous said...

കഥ കണ്ടു തൊടുപുഴക്കാരന്റെ കഥയായതുകൊന്ദു വല്ലാത്ത സന്തോഷം തോന്നി ഞാനും ആ പരിസരക്കാരനാണേ! അവസരം കിട്ടിയാല്‍ എല്ലാരും എന്നേം കാണാന്‍ വരണം ഒരുലോകത്തില്‍
www.orulokam.blogspot.com

10:17 PM  
Blogger ആനക്കൂടന്‍ said...

ചില നേരത്ത്-നന്ദി
വടക്കാഞ്ചേരി-ഇപ്പോഴും പഴയ കമ്പനി തന്നെ. ബിജോയിസിലെന്തിനാ. മനുഷ്യനെ നന്നാവാന്‍ സമ്മതിക്കത്തില്ല അല്ലെ.
പെരിങ്ങോടാ- അനോണി പെരിങ്ങോടനാണെന്ന് സംശയിച്ചിരുന്നു. ‘തു്’ ഇങ്ങനെ കുനിപ്പും ചന്ദ്രക്കലയും ഇടുന്നത് പെരിങ്ങോടന്‍ സ്റ്റൈലാണല്ലോ.
വിശാല മനസ്ക-നന്ദി...
ബിന്ദു-നന്ദി...പ്രോപ്പര്‍ തൊടുപുഴയാണോ?
കുട്ട്യേടത്തി- ഇവിടെ കണ്ടുമുട്ടിയതില്‍ സന്തോഷം. ഞാന്‍ കണ്ടിരിക്കാന്‍ വഴിയില്ല. പക്ഷെ, മറക്കാത്തതിന് കാരണമുണ്ട്. തിരുവനന്തപുരത്ത് എത്തിയപ്പോള്‍ താമസിച്ചത് ചില സീനിയര്‍ താരങ്ങളുടെ കൂടെയാണ്. അവര്‍ എന്നോട് ആദ്യം ചോദിച്ചത് തൊടുപുഴക്കാരിയെ അറിയുമോ എന്നാണ്. പിന്നീട് പല സീനിയറുകളെ കണ്ടു മുട്ടിയപ്പോഴും ഈ ചോദ്യം എനിക്ക് നേരിടേണ്ടി വന്നു. അറിയില്ല അറിയില്ല എന്ന് എത്രപേരോട് പറഞ്ഞുവെന്നറിയില്ല.
പരസ്പരം-നന്ദി, തെറ്റുകള്‍ വരാതെ ശ്രദ്ധിക്കാം.
കുമാര്‍-നന്ദി
ആദിത്യ- ഞാന്‍ ധന്യനായി. കേസു കൊടുക്കരുതേ...
സന്തോഷ്-നന്ദി
സപ്തസ്വരങ്ങളെ- അഭിവാദ്യങ്ങള്‍‍..
ദേവരാഗമേ- ബൂലോകത്ത് വന്നതു കൊണ്ടാണ് ഇതെഴുതിയത്. ഭയങ്കര മടി.
ഫിറോസ്-നന്ദി
ബെന്നിച്ചേട്ടാ‍ ഇത് ഒട്ടും ശരിയായില്ല.....പിന്നെ, സല്‍‌സ്വഭാവികളും സുമുഖരും സര്‍വോപരി സംസ്കാര സമ്പന്നരുമായി തൊടുപുഴക്കാരോട് കളിവേണ്ട(ചുമ്മാതാണെ) നമുക്കീ പ്രാദേശിക വാദമൊന്നും വേണ്ടെന്നേ...

11:13 PM  
Anonymous Anonymous said...

good one, elephantcager.

==Kannus

11:24 PM  
Blogger സു | Su said...

എന്നോട് മിണ്ടിയില്ല :|

11:39 PM  
Blogger ആനക്കൂടന്‍ said...

സൂവെ, മനഃപൂര്‍വമല്ല കേട്ടോ, ക്ഷമിക്കൂ..സു എന്റെ ബ്ലോഗില്‍ വന്നതിലും വായിച്ചതിലും വളരെ സന്തോഷമുണ്ട്.

12:00 AM  
Blogger സു | Su said...

ക്ഷമിക്കൂ എന്നൊന്നും പറയേണ്ട. നല്ല കഥ വായിച്ചതില്‍ എനിക്കും സന്തോഷം.

12:11 AM  
Blogger അരവിന്ദ് :: aravind said...

ഹം! എല്ലാരും കമന്റിട്ടു പോയ സ്ഥിതിക്ക് ഞാനും എന്റെ അഭിപ്രായം പറയാം.

സ്വാഗതം ആനക്കൂടന്‍, ബൂലോഗത്തിലേക്ക്. :-)) (കോന്നി സ്വദേശം എന്നൂഹിച്ചു. തെറ്റി)

നല്ല കഥ.

അവസാനമെത്തുന്നത് വരെ, യെറ്റ് അനദര്‍ ദാറ്റ് കൈന്‍ഡ് ഓഫ് സ്റ്റോറി എന്ന് വിചാരിച്ചു. കഥ പറയാന്‍ ആവിശ്യപ്പെടുന്ന പെണ്‍കുട്ടിയും, മുത്തശ്ശിക്കഥകളും, റോസാപ്പൂവും, അച്ചടി ഭാഷയിലുള്ള സംഭാഷണങ്ങളും നമ്മള്‍ വായിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായല്ലോ?

പക്ഷേ, അവസാനിപ്പിച്ചിരിക്കുന്നത് ഏറെ ഹൃദ്യം. കഥ തന്നെ മാറിപ്പോയി.

നല്ലവണ്ണം കളിയറിയാവുന്നവര്‍ അവസാനമിനുട്ട് വരെ തട്ടിമുട്ടി നിന്ന്, ലാസ്റ്റ് മിനുട്ടില്‍ ഗോളടിച്ച് കളി ജയിച്ച പോലെ.
അഭിനന്ദനങ്ങള്‍.

4:48 AM  
Blogger ശനിയന്‍ \OvO/ Shaniyan said...

നമസ്കാരം ആനക്കൂടന്‍ മാഷേ,
എളുപ്പം പൊട്ടുന്ന ഒരു സോപ്പു കുമിളയെ ചില്ലിട്ടു വെച്ചത് വളരെ നന്നായി..
കൊളുത്തി വലിക്കുന്ന നല്ല ഭംഗിയുള്ള ചിത്രം...

6:39 PM  
Blogger Kuttyedathi said...

ആനക്കൂടാ, നാട്ടുകാരനാണെന്നും ഇപ്പോള്‍ ദാ ജേര്‍ണ്ണലിസത്തില്‍ എന്റെ ജൂനിയറായിരുന്നെന്നും അറിഞ്ഞതില്‍ സന്തോഷം. തൊടുപുഴക്കാരധികമൊന്നും ഇല്ലാതിരുന്നതു കൊണ്ടാവും എല്ലാവരും തൊടുപുഴ എന്നു കേട്ടപ്പോള്‍ എന്നെയറിയുമോ എന്നു ചോദിച്ചത്‌. കണ്ടിരിക്കാനിടയില്ല. പിന്നീടാ വഴിക്കൊന്നോ രണ്ടോ പ്രസ്‌ കോണ്‍ഫറന്‍സിനേ വന്നിട്ടുള്ളൂ. വെബ്‌ ലോകത്തില്‍ രാധിക സി നായരൊക്കെ ഉണ്ടായിരുന്ന കാലത്താണോ ? സീനിയേഴ്സ്‌ ആരൊക്കെ ആയിരുന്നു ? വിനോദ്‌ നന്ദകുമാറോ, സിജുവോ ഒക്കെ ആയിരുന്നോ ?

1:36 PM  
Blogger Unknown said...

ആനക്കൂടനു സ്വാഗതം.

ദേവന്‍ പറഞ്ഞതുപോലെ എഴുതി തെളിഞ്ഞതിന്റെ ലക്ഷണം പ്രകടമാണു. ഈ കഥ നന്നായിട്ടുണ്ട്. ഇനിയും എഴുതുമല്ലോ..

5:43 PM  
Blogger ആനക്കൂടന്‍ said...

അരവിന്ദ്: സംഭാഷണത്തില്‍ അച്ചടി ഭാഷ വരാതിരിക്കാന്‍ ശ്രദ്ധിക്കാം. തെറ്റുകള്‍ കാണുന്നെങ്കില്‍ ഇനിയും തുറന്നു പറയുമല്ലോ.
ശനിയാ: നന്ദി.
കുട്ട്യേടത്തീ: ഞാന്‍ താമസിച്ചത് അവരോടൊപ്പം തന്നെ. വിനോദ് ചേട്ടന്‍, സിജുച്ചേട്ടന്‍(അമൃത ടി.വി), ഭഗത് കലാ ചന്ദ്രശേഖര്‍(ഇന്ത്യാവിഷന്‍), ഗിരീഷ്(വീക്ഷണം), ഷമ്മി പ്രഭാകര്‍(ഏഷ്യാനെറ്റ്), ശരത് ചന്ദ്രന്‍....
രാധികചേച്ചിയെ അറിയാം. രാധികചേച്ചിയൊക്കെ പോകുമ്പോഴാണ് ഞാന്‍ വെബ് ലോകത്തില്‍ ഔദ്യോഗികമായി എത്തുന്നത്.
യാത്രാമൊഴി: നന്ദി. എഴുതാം.

10:32 PM  
Blogger myexperimentsandme said...

ആനക്കൂടാ, നേരത്തേ ഈ വഴിയൊക്കെ പോയിരുന്നെങ്കിലും ഫ്രീയായതുകൊണ്ട് വായിച്ചില്ല. ഇപ്പോ ദേ, കുറച്ചധികം പണി. അങ്ങിനത്തെ സമയത്ത് ഉത്തരവാദിത്തങ്ങള്‍ മറന്ന് ഒരു തെറ്റു ചെയ്യുന്ന രീതിയില്‍ ബ്ലോഗു വായിക്കുന്നതിനും എഴുതുന്നതിനും കമന്റടിക്കുന്നതിനും അതിന്റേതായ ഒരു സുഖമുണ്ടേ.

കഥ വളരെ ഇഷ്ടപ്പെട്ടു. എന്തോ ഒരു ഫീലിംഗ്സ് ഈ കഥ ഉണ്ടാക്കുന്നു. എഴുതിത്തെളിഞ്ഞ ആളാണെന്ന് കമന്റുകളില്‍ നിന്നും ബെന്നിയില്‍ നിന്നുമൊക്കെ മനസ്സിലായി. അതുകൊണ്ട് അത്‌ഭുതമില്ല. അനുമോദനങ്ങള്‍ മാത്രം. അടുത്തതിനായി കാത്തിരിക്കുന്നു,
കാ-തോര്‍ത്തിരിക്കുന്നു.

തൊടുപുഴക്കാരനാണല്ലേ. ഞാനും ആ നാട്ടിലൊക്കെത്തന്നെ. കേരളമെന്നു പറയും :)

11:04 PM  
Blogger Kalesh Kumar said...

കലക്കി!

2:12 AM  
Blogger മനൂ‍ .:|:. Manoo said...

ആനക്കൂടാ, എല്ലാവരും പറഞ്ഞതൊക്കെതന്നയേ ഉള്ളൂ പറയാനെനിയ്ക്കും... മനോഹരം.

വായിയ്ക്കാന്‍ വൈകിയതിലുള്ള വിഷമം, വായിയ്ക്കാതെ പോയില്ലല്ലോ എന്നുള്ള സന്തോഷം കൊണ്ടു മറക്കുന്നു ഞാന്‍... :)

സ്ഥിരം നോക്കേണ്ടവയിലേയ്ക്ക്‌ ഇതു കൂടി ചേര്‍ക്കുന്നു...

12:01 AM  

Post a Comment

<< Home