Monday, September 25, 2006

മരണം നമ്മെ അനുഭവിപ്പിക്കുന്നത്

മരണം തന്നെയാണ് സര്‍ഗാത്മകതയുടെ ഏറ്റവും വലിയ പ്രചോദനം. മരണത്തെ അക്ഷരത്തിലേക്ക് പകര്‍ത്തുമ്പോള്‍ കവിതയുണ്ടാകുന്നു. അതിനെ ശിലയില്‍ കൊത്തുമ്പോള്‍ ശില്പമുണ്ടാകുന്നു. മരണത്തിനു ശബ്ദം നല്‍കുമ്പോള്‍ സംഗീതം. അതിനെ ധ്യാനിക്കുമ്പോള്‍ ജിവിതം. സൌന്ദര്യത്തിന്‍റെ നിത്യപ്രഭവമായ മരണത്തെ യമനായല്ല, യമിയായ സ്ത്രീവാദിയായി സങ്കല്‍പ്പിക്കാനാണ് എനിക്കിഷ്ടം (സംയമി) -സുഭാഷ് ചന്ദ്രന്‍

സമയവും കാലവും കൃത്യതയില്ലാതെയാണ് ഇപ്പോള്‍ കടന്നു വരുന്നത്. അല്ലെങ്കിലും ഓര്‍മ്മകള്‍ക്കു മുന്നില്‍ സമയ കാലങ്ങളല്ലല്ലോ ആദ്യം തെളിയുക. ചില ചിത്രങ്ങള്‍ രൂപങ്ങള്‍, പിന്നെ അവ ചലിക്കാന്‍ തുടങ്ങുന്നു. ചിലത് പാഠങ്ങളാണ്, അവസാനം വരേക്കുമുള്ള പാഠം. ഒരു നിമിഷത്തില്‍ അവസാനിച്ചു പോകുന്ന ജന്മം തന്നെ നിന്‍റേതും. ഓര്‍മ്മപ്പെടുത്തലുകള്‍ പോലെ ഇത്തരം ചിലത്.

മരണത്തിനും ശിവാനന്ദനും ഇടയ്ക്ക്

പഠനവും, ഹോട്ടലിലെ പാര്‍ട്ട്‌ടൈം കാഷ്യര്‍ ജോലിയുമായും നടക്കുന്ന കാലത്തിലെ ഒരു ദിനം. സമയം രാത്രി പത്തുമണി. തൊടുപുഴ പാലത്തിലൂടെ അക്കരെ കടക്കാന്‍ നടക്കുമ്പോള്‍ കന്നടക്കാരന്‍ ശിവാനന്ദന്‍ മുന്നിലേക്ക് വന്നു ചാടി. പത്താം വയസില്‍ ഹോട്ടല്‍ ജോലിക്കായി ഈ നഗരത്തിലേക്ക് വന്നുപെട്ടവന്‍. പന്ത്രണ്ടു വര്‍ഷമായി, അവന്‍ സ്വന്തബന്ധങ്ങളില്ലാതെ പലതിനോടും കലഹിച്ച് സ്വന്തം ഇഷ്ടങ്ങളിലൂടെ നടക്കുന്നു. കുറച്ചു മാത്രം അടുപ്പങ്ങളോ വാതോരാതെ സംസാരിച്ച്.

പതിവുള്ള കലപില സംസാരങ്ങളില്ലാതെ. എതോ ആഴങ്ങളില്‍ അകപ്പെട്ടവന്‍റെ പരിഭ്രാന്തിയോടെ ഇന്നവന്‍ എന്‍റെ മുന്നില്‍ നില്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അമ്പരന്നു. ഓരോ വാക്കും അളന്നു തൂക്കി എന്തൊക്കെയോ പുലമ്പാന്‍ തുടങ്ങി അവന്‍. സാധാരണ അവന്‍ പറയുന്നത് പകുതിയെ എനിക്ക് മനസിലാകാറുള്ളൂ. അത്ര വേഗതയുണ്ട് ശിവയുടെ സംസാരത്തിന്.

എന്താ ശിവാ. എന്തു പറ്റി? ഞാന്‍ ചോദിച്ചു.

കാശ് കിട്ടിയില്ല. നാളെ അത്യാവശ്യമായി ഒരാള്‍ക്ക് കൊടുക്കാനുണ്ടായിരുന്നു.

മുതലാളിയോട് ചോദിച്ചില്ലെ.

ചോദിച്ചു, നാളെയാവട്ടെ എന്നു പറഞ്ഞു.

ഒരു നാളേക്ക് വേണ്ടി കാത്തിരിക്കാവുന്ന അവസ്ഥയില്‍ ആയിരുന്നില്ല ശിവാനന്ദന്‍ എന്ന് എനിക്കു തോന്നി. അവനു വേണ്ടി ഞാനൊന്ന് പറയണം. മുതലാളിയുടെ അപ്പോഴത്തെ അവസ്ഥ അറിയാവുന്നതും കൊണ്ടും അത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ ആഗ്രഹമില്ലാതിരുന്നതു കൊണ്ടും നാ‍ളെ ശരിയാക്കാം എന്ന് പറഞ്ഞ് ഞാന്‍ അവനുമായി നടന്നു. അവന്‍ ഒന്നും മിണ്ടിയില്ല. ആനക്കൂട് കടവ് റോഡിലൂടെ പോകുമ്പോള്‍ ഇടയ്ക്കു വച്ചുള്ള ഇടവഴിയില്‍ എത്തുന്നതു വരെ നിലനിന്ന ഒരേ താളത്തിന് ഏതെങ്കിലും അനുബന്ധ അര്‍ത്ഥങ്ങള്‍ സങ്കല്‍പ്പിച്ചെടുക്കാന്‍ എനിക്കായില്ല.

സാധാരണ ഞാന്‍ ശിവാനന്ദനെ കണ്ടു മുട്ടുന്നത് ഇവിടെ ഈ ഇടവഴിയില്‍ വച്ചാണ്. അവിടെ ഒരു പട്ടരുടെ വീട്ടിലാണ് (സിനിമാ നടി ചഞ്ചലിന്‍റേ തറവാട്ടു വീട്) ശിവാനന്ദന്‍ താമസിക്കുന്നത്. ജയ് ഹനുമാന്‍ സീരിയലും കഴിഞ്ഞ് പത്തരമണിക്ക് റോഡിലേക്ക് ചേരുന്ന ഈ ഇടവഴിയില്‍ ഇറങ്ങി നില്‍പ്പുണ്ടാവും അവന്‍. അന്നത്തെ സീരിയലിന്‍റെ കഥ എന്നെ പറഞ്ഞു കേള്‍പ്പിക്കും.

വല്ലാത്ത മൌനത്തിന്‍റെ കൂടു പൊളിച്ച്, ശരി നാളെ കാണാം ശിവ എന്നു പറഞ്ഞ് മുന്നോട്ട് നടക്കുമ്പോള്‍, പതിവുകള്‍ തെറ്റിച്ച നിശബ്ദതയാണ് എനിക്കു മറുപടിയായി ലഭിച്ചത്. കുറേ ദൂരം നടന്ന് പിന്നിലേക്ക് നോക്കുമ്പോള്‍ ശിവാനന്ദന്‍ റോഡില്‍ കൈകള്‍ പിണച്ചു കെട്ടി നില്‍പ്പുണ്ടായിരുന്നു. ഒരു രാത്രിയുടെ അന്ത്യ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി ചിന്തകള്‍ സ്വപ്നങ്ങള്‍ക്ക് അടിയറവെച്ച് ഉറക്കം. രാവിലെ അലാറം അടിച്ചത് ഓഫ് ചെയ്ത് വീണ്ടും കിടന്നു. പാതി മയക്കത്തില്‍ പേരു ചൊല്ലി ആരോ ഉറക്കെ വിളിക്കുന്നു. കേട്ടില്ലെന്ന് നടിച്ച് ഒന്നു കൂടി മൂടിപ്പുതച്ചു. വിളികളും കതകില്‍ മുട്ടലും ഏറിയപ്പോള്‍ ദേഷ്യത്തോടെ എഴുനേറ്റ് പുറത്തു വന്നു. ഹോട്ടലിലെ സൂപ്പര്‍വൈസര്‍ മുന്നില്‍.

വേഗമൊന്ന് വാ, ശിവാനന്ദന്‍ ദാണ്ടെ ആ മുറിയില്‍ ചത്തുകിടക്കുന്നു. രണ്ടെ രണ്ടു, വാക്കില്‍ അയാള്‍ പറയുമ്പോള്‍ ഞാന്‍ അമ്പരന്നു. ഒന്നും മിണ്ടാനാവാതെ. ജീവിക്കാന്‍ വേണ്ടി പത്താം വയസില്‍ ഹോട്ടല്‍ ജോലി തേടിവന്നവന്‍റെ മരണം വെറും ചത്തുകിടക്കലാണെന്ന് ഞാന്‍ അറിഞ്ഞു. ഒരു പഴവും വിഷവും അവസാന ഭക്ഷണമായതിന്‍റെ ശേഷിപ്പുകള്‍ ശിവാനനന്ദന്‍റെ മുറിയില്‍ ചിതറിക്കിടന്നു.

താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ശവത്തിനാരും കണക്ക് പറയാനുണ്ടായിരുന്നില്ല. ഒരു പതിനായിരത്തിന്‍റെ പണക്കിഴിയുമായി ആംബുലന്‍സില്‍ അവന്‍റെ നാടറിയാവുന്ന രണ്ട് ജീവനുകള്‍ക്കൊപ്പം വൈകുന്നേരത്തോടെ ശിവയുടെ ശരീരം നീങ്ങി. അവന്‍റെ റൂമില്‍ നിന്ന് കിട്ടിയ എല്‍ ഐ സി പോളിസി അവകാശിയായി അവന്‍ ചേര്‍ത്തിരുന്നത് അവന്‍റെ കൂട്ടുകാരന്‍റെ പേര്. അതേ പേരിന്‍റെ ആദ്യ അക്ഷരം അവന്റെ കൈയില്‍ പച്ച കുത്തിയിരുന്നു എന്ന് പിന്നീട് ആരൊക്കെയോ പറയുന്നതും കേട്ടു. മരണത്തിനും ശിവാനന്ദനും ഇടയിലേക്ക് തൊടുപുഴപാലത്തിനു മുകളില്‍ വച്ച് ദൈവം എന്നെ കൊണ്ടു വന്നു നിര്‍ത്തിയെങ്കിലും അനിവാര്യമായ എന്തിനോ വേണ്ടി ഞാന്‍ ഇറങ്ങി മാറി.

വീണ്ടും അവന്‍, അതോ അവളോ?

സ്ഥലം തിരുവനന്തപുരം. പുതിയ മേച്ചില്‍ പുറങ്ങളില്‍ ജീവിതം തേടി നടക്കുന്ന സമയം. വെള്ളയമ്പലത്തെ ട്രാഫിക് ക്രോസ് ചെയ്യുകയായിരുന്നു. ആ‍ദ്യത്തെ ട്രാഫിക് ഐലന്‍റ് കഴിഞ്ഞ് രണ്ടാമത്തേതിലേക്ക് നീങ്ങുമ്പോള്‍ കവടിയാര്‍ ഭഗത്തു നിന്നും സ്കൂട്ടര്‍ വരുന്നുണ്ടായിരുന്നു. എന്റെ മുന്നില്‍ രണ്ടു കോളേജ് പെണ്‍കുട്ടികള്‍ മാത്രം. മെല്ലെ നടന്ന് റോഡ് ക്രോസിംഗ് പോയിന്‍റിലേക്ക് എത്തുമ്പേഴേക്കും, ട്രാഫിക് ഐലന്‍റ് കറങ്ങി വന്ന പൊലീസ് ബസ് സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. റോഡില്‍ വീണയാളുടെ അരക്കെട്ടിലൂടെ വണ്ടിച്ചക്രങ്ങള്‍ കയറിയിറങ്ങുന്ന കാഴ്ച. പിന്നൊരു നിമിഷം. അയാള്‍ ഒന്നു പിടയുകയും ഗര്‍ഭ പാത്രത്തിലേക്കുള്ള ആദിമ ചുരുളല്‍ പോലെ വളഞ്ഞു കൂടുകയും ചെയ്തു.

എന്‍റെ കണ്ണുകള്‍ക്ക് മുന്നില്‍ വെളുത്ത പ്രകാശം നിറയാന്‍ തുടങ്ങുമ്പോള്‍, അയ്യോ എന്‍റമ്മേ, എന്നു നിലവിളിച്ച് എനിക്കു മുന്നേ പോയ പെണ്‍കുട്ടി പിന്തിരിഞ്ഞ് എന്റെ മേലേക്ക് ഓടിക്കയറി. ഒരു തരം വല്ലാത്ത വികാര ശൂന്യതയോടെ, ദേഹമാകെ പടര്‍ന്നു കയറിയ തണുപ്പോടെ ഞാന്‍ മുന്നോട്ട് നടക്കുമ്പോള്‍ കൂട്ടുകാരിയുടെ കൈയ്യില്‍ പിടിച്ച് കരയുകയായിരുന്നു അവള്‍. ഓടിക്കൂടുന്ന ആളുകള്‍ക്കിടയിലൂടെ മണിക്കൂറുകള്‍ നീണ്ട മരവിപ്പിലേക്ക് ഞാന്‍ നടന്നു പോയി.

തുടരുന്ന കാഴ്ചകള്‍

ഇന്ന്, കോഴിക്കടകളുടെ മുന്നിലൂടെ കടന്നു പോകുമ്പോള്‍ കഴുത്ത് കണ്ടിച്ച് കാനില്‍ ഇട്ട കോഴിയുടെ പിടച്ചില്‍ എന്നില്‍ ഒരു നിലവിളിയായി നിറയുന്നുണ്ട്. തുമ്പിയെ പിടിച്ച് വാലില്‍ നൂല്‍കെട്ടി പറത്തി രസിച്ചതും, ഒടുവില്‍ അത് വാലറ്റ് വീഴുന്നതും, അടയ്ക്കാമരത്തിന്‍റെ പൊത്തില്‍ നിന്ന് അമ്പിളിമാമനെ ഈര്‍ക്കിലി കൊണ്ട് തോണ്ടിയെടുത്ത് ഇളം തിണ്ണയില്‍ ഇട്ട് ഓടിപ്പിച്ചതും, അങ്ങനെ എത്രയെത്ര എത്രയെത്ര നിമിഷങ്ങള്‍ ഓര്‍മ്മത്തുമ്പില്‍ നിന്നും വേരറ്റു വീണ് പിടയുന്നു.

9 Comments:

Blogger ആനക്കൂടന്‍ said...

മരണം തന്നെയാണ് സര്‍ഗാത്മകതയുടെ ഏറ്റവും വലിയ പ്രചോദനം. മരണത്തെ അക്ഷരത്തിലേക്ക് പകര്‍ത്തുമ്പോള്‍ കവിതയുണ്ടാകുന്നു. അതിനെ ശിലയില്‍ കൊത്തുമ്പോള്‍ ശില്പമുണ്ടാകുന്നു. മരണത്തിനു ശബ്ദം നല്‍കുമ്പോള്‍ സംഗീതം. അതിനെ ധ്യാനിക്കുമ്പോള്‍ ജിവിതം.

4:01 AM  
Blogger Unknown said...

ആനക്കൂടന്‍ ചേട്ടാ,
ശിവാനന്ദന്റെ കഥ നൊമ്പരപ്പെടുത്തി.

മരണം തന്നെയാണ് സര്‍ഗാത്മകതയുടെ ഏറ്റവും വലിയ പ്രചോദനം.ഇത് സത്യം!

5:25 AM  
Blogger ദിവാസ്വപ്നം said...

നന്നായി പറഞ്ഞിരിക്കുന്നു ആനക്കൂടാ... ടചിംഗ് ആയിട്ടുണ്ട്

5:46 AM  
Blogger ടി.പി.വിനോദ് said...

ആനക്കൂടാ..ബോധത്തിന്റെ അകംചുമരുകളില്‍ ആധിയുടെ അടയാളങ്ങളെ വാക്കുകള്‍ കോണ്ടു കോറിയിടുന്ന എഴുത്ത്....വളരെ നന്നായി വരച്ചിട്ടിരിക്കുന്നു നിങ്ങള്‍ ആ അനുഭവങ്ങളെ...

6:03 AM  
Blogger സു | Su said...

ഓരോ മരണവും, മരിക്കാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച് കടന്നുപോകുന്നു.

6:13 AM  
Blogger ലിഡിയ said...

ജീവിതത്തെ പോലെ മരണത്തേയും പലരും പല രീതിയില്‍ കാണുന്നു..ചിലര്‍ക്ക് ആശങ്ക കൂടുമ്പോള്‍ ബോധം മറയ്ക്കാനുതകുന്ന ഒരു കുപ്പി മദ്യം പോലെയാണ് മരണം,ചിലര്‍ക്ക് പ്രതീക്ഷിക്കാതെ വന്ന വിരുന്നുകാരന്‍,

ചിലര്‍ക്ക്,എന്റെ കൂടെ നീ വരില്ലേ,എന്ന് ചോദിച്ച് മോഹിപ്പിക്കുന്ന കാമുകന്‍,ഒരുകാലെടുത്ത് വച്ചാല്‍ കൂടെ പോകാം,തിരിച്ചു വരാനാവില്ല എന്ന സ്വാര്‍ത്ഥത മാത്രമാണ് ആ വിളി കേള്‍ക്കാതെ നടക്കാന്‍ പ്രേരിപ്പിക്കുന്നത്.

-പാര്‍വതി.

6:17 AM  
Anonymous Anonymous said...

മരണം നമ്മുടെ ചിന്തകളെ ചൂടു പിടിപ്പിക്കുന്നു. “എവിടെ നിന്ന് വന്നു, എവിടേക്ക് പോണൂ” എന്ന ചോദ്യം തന്നെ മരണത്തിന്‍റെ സംഭാവനയാണ്‌. ഈ ചോദ്യം തലച്ചോറിന് തീ കൊളുത്തുന്നു. അല്ലറചില്ലറ സൊലൂഷനുകളൊക്കെ തലച്ചോര്‍ തരും. ഈ സൊലൂഷനുകളില്‍ ചിലപ്പോള്‍ സര്‍ഗ്ഗാത്മകതയുടെ വിത്തുകളും കണ്ടേക്കാം.

ഇവാന്‍ ഇലിയിച്ചിന്‍റെ മരണം ടോള്‍സ്റ്റോയിയെ എന്തൊക്കെ ചിന്തിപ്പിച്ചില്ല!

6:31 AM  
Blogger അനംഗാരി said...

ഓരോ മരണവും, നമ്മളെ വേദനിപ്പിക്കും.കരയിപ്പിക്കും. ജീവിച്ചിരിക്കുന്നവരെ അനാഥരാക്കും.അവരെ സങ്കടങ്ങളുടെ നീര്‍കയത്തിലേക്ക് തള്ളിയിടും. മരണം നമ്മുടെ എല്ലാം കവര്‍ന്നെടുക്കുന്നു.

6:55 AM  
Blogger Roby said...

താങ്കളുടെ ഈ ബ്ലോഗ് ഒരു സുഹൃത്താണ്‌ എനിക്ക്‌ അയച്ചു തന്നത്‌. ഈ കുറിപ്പോടുകൂടി.

ഒരു പക്ഷെ നമ്മള്‍ Cosmic science, Evolution, Cognitive science എന്നിവ ഇഷ്ടപ്പെടുന്നതിനു കാരണവും ഇതു തന്നെയാവാം...ഒടുവില്‍ അവ നമ്മെ പ്രകൃതിയുടെ കേന്ദ്രസ്‌ഥാനത്താണെന്ന അഹങ്കാരത്തില്‍ നിന്നും സൃഷ്ടിയുടെ മകുടം എന്ന അവകാശത്തില്‍ നിന്നും പുറത്താക്കുമെങ്കിലും.

അനന്തമായ ഈ പ്രപന്ചത്തിലെ ഒരു കീടം മാത്രമാണ്‌ നാമെന്ന്‌ Cosmic science
ചുരുളഴിയുന്ന ഒരു മഹാനാടകത്തിലെ കഥാപാത്രങ്ങള്‍ മാത്രമാണ്‌ നാമെന്ന്‌ Evolution.

ബോധമനസ്സ്‌ അബോധമനസ്സിന്റെ മുന്നില്‍ ഒന്നുമല്ലെന്ന്‌ cognitive science

നമുക്ക്‌ നശ്വരത വേണ്ട. അതുകൊണ്ടാണ്‌ നമ്മള്‍ നീ അനശ്വരനാണ്‌ എന്നു പറയുന്ന എന്തിനോ വേണ്ടി പരതുന്നത്‌...

4:36 AM  

Post a Comment

<< Home