Friday, September 29, 2006

മിണ്ടല്ലെ, അപ്പു ഉറങ്ങട്ടെ...

"ഇവിടെ വാ അപ്പൂ", അവള്‍ ചോറുരുളയുമായി മോന്‍റെ പിന്നാലെ നടന്നു.

"അമ്മയ്ക്കെന്നെ പിടിക്കാന്‍ പറ്റ്വോ"- മുറ്റത്തൂടെ ഓടി നടന്ന് അപ്പു കൊഞ്ചി.

അവള്‍ ഓടി മടുത്തു. "അമ്മയ്ക്ക് വയ്യാട്ടോ ഓടാന്"‍.

"അമ്മയെന്നെ പിടിക്കാന്‍ വാന്നെ"- അപ്പു കൈയ്യില്‍ ചരല്‍ക്കല്ലെടുത്ത് കാക്കയെ എറിഞ്ഞു.

"ദേ, നോക്കിയേ അപ്പൂ, നമ്മടെ മാവിന്‍റെ കൊമ്പത്ത് ഒരണ്ണാനിരിക്കണത്".

"ങേ, എന്നാ അമ്മെ"

"ദേ, അണ്ണാന്‍ കുഞ്ഞ് നമ്മടെ മാമ്പഴം പറിച്ചോണ്ട് പോണു".

"എവിടെ" -അപ്പു മേലേക്ക് നോക്കി ഓടി വന്നു. അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങി കുഞ്ഞിക്കൈ മോലോട്ട് ചൂണ്ടി.

അവള്‍ ചോറ് ഒരുളയാക്കി വായില്‍ വച്ചു കൊടുത്തു. ചോറു വിഴുങ്ങി അപ്പു വീണ്ടും ചോദിച്ചു- "എവിടാമ്മേ, മോന്‍ കണ്ടില്ലല്ലോ".

"ദേ അങ്ങ് മോളില്‍ ആ എലേടെ എടേല് കണ്ടോ. അപ്പൂന്‍റെ ചോറ് തട്ടിയെടുക്കാന്‍ വര്വാ. വേഗം കഴിച്ചോ".

അപ്പു ചോറുരളകള്‍ വേഗം വായിലാക്കി. അവള്‍ അപ്പൂനെയും എടുത്ത്, പൂവിനോടും പൂമ്പാറ്റയോടും എല്ലാം സംസാരിച്ച് ഗേറ്റിലേക്ക് നടക്കുമ്പോള്‍ പൂച്ച കുറുകെ ചാടി. പൂച്ചയെ കണ്ടതും അപ്പു അവളുടെ എളിയില്‍ നിന്ന് ഊര്‍ന്നിറങ്ങി പിന്നാലെ ഓടി. 'നിക്ക് വീഴൂട്ടോ' എന്നു പറഞ്ഞ് അവള്‍ പിന്നാലെയും, ഒരു വേരില്‍ തട്ടി അവള്‍ കൂട്ടിയിട്ട കല്ലിലേക്ക് മറിഞ്ഞു.

എന്തിനാ ഈ അപ്പൂ കരയണെ. എവിടെ, എവിടെ, അവള്‍ ചുറ്റും നോക്കി. വീടിനു മുന്നില്‍ പന്തല്‍ ഇട്ടിരിക്കുന്നു. ആളുകള്‍ അങ്ങുമിങ്ങും നടക്കുന്നു. ആരാ ഇവരൊക്കെ, എന്താ വിശേഷിച്ച്. അപ്പൂ, അവള്‍ നീട്ടി വിളിച്ച് വാതില്‍ക്കലേക്ക് നടന്നു.

ആരാ രാമായണം വായിക്കുന്നത്. ഈ അമ്മേം അച്ഛനും എന്താ പറഞ്ഞോണ്ടിരിക്കണെ. ഇവിടെ നിറയെ ആളാണല്ലോ. മൂലയില്‍ ഭര്‍ത്താവ് അപ്പൂനേയും എടുത്ത് നില്‍ക്കുന്നു. ഇങ്ങനെ കരയാന്‍ ഈ കുട്ടിക്ക് എന്താ പറ്റിയേ.

അവള്‍ മുന്നോട്ടാഞ്ഞപ്പോള്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ ഒരു ശരീരം കണ്ടു ഞെട്ടി. ആരാ മരിച്ചേ അവള്‍ സൂക്ഷിച്ചു നോക്കി. അയ്യോ, എന്നേ പോലെ തന്നെയിരിക്കണല്ലോ. ദൈവമേ, ആരാ, അവള്‍ സ്വന്തം ശരീരത്തിലേക്ക് നോക്കി. പിന്നെ ചുറ്റിനും. അവള്‍ക്ക് മാത്രം കേള്‍ക്കാവുന്ന ഒച്ചയില്‍ ഒരു നിലവിളിയുയര്‍ന്നു‍. ഞാന്‍, ഞാന്‍ എന്‍റെ ചേട്ടന്‍, എന്‍റെ അപ്പു. ചരല്‍ക്കല്ലിനിടയിലെ വേരുകള്‍ അപ്പോള്‍ അവള്‍ക്ക് ഓര്‍മ്മവന്നു.

"ഉമേ", കസേര പിന്നിലേക്ക് തെറുപ്പിച്ച് ഹരിശങ്കര്‍ ആധിയോടെ എഴുനേറ്റു. മൌസ് കൈയില്‍ നിന്നും തെറിച്ചു പോയി. "എന്താ ഉമേ എന്താ എന്തിനാ വാവ കരയണെ".

"കൊതുകു കടിച്ചിട്ടാന്നു തോന്നണൂ. ഇതെന്താ വേര്‍ത്തിരിക്കണല്ലോ".

"ഒന്നൂല്യ. ഹരിശങ്കര്‍ ആശ്വാസത്തോടെ അവളെ നോക്കി".

"കഥാഭ്രാന്ത് പിടിച്ചുണ്ടാവുല്ലെ. ഏത് കഥാപാത്രമാ ഇപ്പോ ആവേശിച്ചെ. ഈ ഹരിയേട്ടനുമൊണ്ട്, ഒരു ബ്ലോഗുമൊണ്ട്, വന്നു കിടക്കാന്‍ നോക്കൂട്ടോ".

"ഇപ്പോള്‍ വരാം".

അയാള്‍ കമ്പ്യൂട്ടറിനു മുന്നിലേക്ക് ഓടി, ഹരിശങ്കര്‍ കര്‍സര്‍ അവസാനത്തില്‍ വച്ച് ബായ്ക്ക് സ്പേസില്‍ അമര്‍ത്തിപ്പിടിച്ചു. കഥയിപ്പോള്‍ അപ്പുവിന്‍റെ കരച്ചിലിലേക്കെത്തി.

എന്തിനാ ഈ അപ്പൂ കരയണെ. അവള്‍ വാതില്‍ തുറന്ന് അകത്തേക്ക് കയറി. സന്ധ്യാദീപം തെളിച്ചിട്ടുണ്ട്. പായിലിരുന്ന് മുത്തശ്ശി രാമായണം വായിച്ച് കുട്ട്യോള്‍ക്ക് കഥ പറഞ്ഞ് കൊടുക്കുന്നു. അവള്‍ മുന്നോട്ടാഞ്ഞു. അവളുടെ തലയില്‍ ഒരു ചെറിയ മുറിപ്പാടുണ്ട്.

"ദാ എവനെയെടുത്തോളൂ. എല്ലാരെം കൂടി കണ്ടപ്പോള്‍ തുടങ്ങിയതാ"-അയാള്‍ കുട്ടിയെ അവള്‍ക്ക് നീട്ടി.

അവള്‍ അപ്പുവിനെ വാങ്ങി. "ഇങ്ങനാണോ അപ്പൂസെ വേണ്ടെ. എല്ലാരും ചിറ്റേടെ കല്യാണത്തിനു വന്നതല്ലെ. ഇതാരൊക്കെയാന്ന് നോക്കിയെ. വിഷ്ണൂട്ടന്‍, കുട്ടൂസ്..." അവളുടെ തോളിലേക്ക് തലചായ്ച്ച് അപ്പു ഉറക്കത്തിലേക്ക് വഴുതാന്‍ തുടങ്ങിയിരുന്നു.

"വന്നു കിടക്കൂട്ടോ.. " ഉമ വിളിക്കുന്നു. ഹരിശങ്കര്‍ മോണിറ്റര്‍ ഓഫ് ചെയ്ത് എഴുന്നേറ്റു.

അയ്യോ, അപ്പോള്‍ കഥ പൂര്‍ത്തിയായില്ലല്ലോ.

'ശ് മിണ്ടല്ലെ അപ്പു ഉറങ്ങട്ടെ'.

----------കട്ട്‌---------

22 Comments:

Blogger ആനക്കൂടന്‍ said...

'ശ് മിണ്ടല്ലെ അപ്പു ഉറങ്ങട്ടെ'.

ചുമ്മാ ഒരു ശൈലി പരീക്ഷണം...

4:28 AM  
Blogger അരവിന്ദ് :: aravind said...

കൊള്ളാം ആനക്കൂടാ...ഡിഫറന്റെ സ്റ്റയില്‍...
ഇഷ്ടായി.
പക്ഷേ കഥാപാത്രങ്ങള്‍ കഥക്കുള്ളിലെ കഥയിലെയാണെന്നറിയുന്ന നിമിഷം, അവരെക്കുറിച്ചുള്ള വേവലാതി നഷ്ടപ്പെടുന്നു.

പക്ഷേ കഥയുടെ ആ ഐഡിയ, സൂപ്പര്‍.

5:00 AM  
Blogger ലിഡിയ said...

എനിക്കെന്തോ ഇഷ്ടമായീ..മനസ്സിന്റെ ഭാവത്തിന് ഇഷ്ടമായീന്നല്ലാതെ കീറിമുറിമുറിച്ച് പറയാന്‍ എനിക്കറിയില്ലല്ലോ..

എനിക്ക് ജീവിതം മുഴുവന്‍ ഭാവങ്ങള്‍ മാത്രമാണ്,അതാവും കണക്കിന് ഇപ്പോഴും മണ്ടി നടക്കുന്നത്.

:-)

-പാര്‍വതി

5:20 AM  
Blogger രാജ് said...

എഴുത്തിന്റെ എല്ലാ നിയമങ്ങളേയും തൃണവല്‍ക്കരിച്ചു ചെറുകഥ ജനിക്കുന്നതു കാണാന്‍ തന്നെ രസം.

എഴുത്തുകാരന്‍ വായനക്കാരനു് ‘ഇതുവരെ’ വായിച്ചിരുന്നതു കഥയാണു് എന്നൊരു സൂചന നല്‍കുന്നതു്, അയാള്‍ക്ക് തന്റെ സൃഷ്ടിയുടെ മേല്‍ വിശ്വാസം ആര്‍ജിക്കുവാന്‍ കഴിയുമ്പോഴാണു്, ആനക്കൂടന്റെ വിശ്വാസത്തെ കഥ ന്യായീകരിക്കുന്നു. നന്നായിരിക്കുന്നു.

5:36 AM  
Anonymous Anonymous said...

ഭ്രമാത്മക എഡിറ്റിംഗിന്‍റെ സാധ്യതകളെ വിജയകരമായി പ്രയോജനപ്പെടുത്തിയിരിക്കുന്നു, ഈകഥയില്‍. സിനിമയുടെ സാങ്കേതികതയും വേഡ് പ്രോസസ്സറിന്‍റെ യുക്തിയും കഥയിലേക്ക് സന്നിവേശിപ്പിച്ചത് നന്നേ രസിച്ചു.

5:41 AM  
Blogger sreeni sreedharan said...

പരീക്ഷണം വിജയിച്ചൂ....
:)

5:48 AM  
Blogger Aravishiva said...

കഥ മനോഹരമായി.....എല്ലാവരും പറഞ്ഞതുപോലെ വ്യത്യസ്ഥമായ ഒരു ശൈലി തന്നെയാണ് ഇതിനെ വേറിട്ടൊരനുഭവമാക്കുന്നത്...

5:57 AM  
Blogger ടി.പി.വിനോദ് said...

metafiction-ന്റെ സാധ്യതകളെ ഇത്ര മനോഹരമായി ഉപയോഗിച്ചിരിക്കുന്ന കഥകളെ അപൂര്‍വ്വമായേ കണ്ടിട്ടുള്ളൂ....ഗംഭീരമായിരിക്കുന്നു...അഭിനന്ദനങ്ങള്‍...

6:17 AM  
Anonymous Anonymous said...

ഉമയ്ക്കും ഉണ്ണിക്കുട്ടനും ഇടയിലായിപ്പോയി ആനക്കൂടന്‍. ഏതായാലും അപ്പു ഉറങ്ങട്ടെ അല്ലെ!

6:38 AM  
Blogger nalan::നളന്‍ said...

ഇതൊരൊന്നൊന്നര രണ്ടു മൂന്നു കഥയാണല്ലോ.
സീനുകളെ ഇങ്ങനെ Juxtipose(ഇതിനെന്താണാവോ പറയുക)ചെയ്തത് ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു.
നല്ലോണം ആസ്വദിച്ചു

7:01 AM  
Blogger ബിന്ദു said...

കഥ കൊള്ളാം.:) സ്വന്തം മരണാനന്തരക്രിയകള്‍ കാണുന്ന ഒരു പെണ്‍കുട്ടിയുടെ കഥ മുന്‍പൊരിക്കല്‍ വായിച്ചിട്ടുണ്ട്. നല്ലൊരു പ്രമേയം ആണത്. എനിക്കിഷ്ടായി വളരെ.:)

7:14 AM  
Blogger ഡാലി said...

വായിക്കുമ്പോള്‍ സീനുകള്‍ തനിയെ മനസ്സില്‍ വന്ന് പ്ലേ ചെയ്യുന്ന കഥകളിള്‍ ഒന്ന്.
ആസ്വദിച്ചു കണ്ടു ആ സ്ക്രീന്‍ പ്ലേ.

8:51 AM  
Blogger ഇടിവാള്‍ said...

നന്നായിരിക്കുന്നു ആനക്കൂടന്‍ !

8:57 AM  
Blogger Santhosh said...

ഇതു കൊള്ളാമല്ലോ. കഥ ഫോര്‍ക് ചെയ്ത്, വീഴ്ചയുടെ ആഘാതം കൂടിയ വഴിയും കുറഞ്ഞ വഴിയും വിട്ടപ്പോള്‍... സിനിമാ സങ്കേതം കഥയില്‍ വരുത്തിയതിന് പുതുമയുണ്ട്.

qw_er_ty

1:49 PM  
Blogger ചില നേരത്ത്.. said...

നല്ല ആസ്വാദനം നല്‍കിയ ശൈലി.
കഥ, എല്ലാം കൂട്ടിചേര്‍ത്ത് കഥ കഥയായ് മനസ്സിലേക്ക് വന്ന് ചേരുന്നതാണ് ഇഷ്ടപ്പെട്ടത്

12:36 AM  
Blogger Rasheed Chalil said...

മനോഹരമായ ശൈലി. തീര്‍ച്ചയായും പരീക്ഷണം വിജയിച്ചിരിക്കുന്നു

1:15 AM  
Blogger മുല്ലപ്പൂ said...

കഥയിലെ കഥ ഇഷ്റ്റപ്പെട്ടു. കൊള്ളാം വേറിട്ട ശൈലി.

2:05 AM  
Blogger Unknown said...

നന്നായിട്ടുണ്ട് പുതിയ ശൈലി.:-)
(ഓടോ:ഞാനും പുതിയ ഒരു ശൈലി രൂപപ്പെടുത്തുന്നുണ്ട്. തുളു ഭാഷയില്‍ പുളുക്കഥകള്‍.)

3:31 AM  
Blogger ആനക്കൂടന്‍ said...

വായിച്ച എല്ലാവര്‍ക്കും നന്ദി.

അപ്പോള്‍ പരീക്ഷണം തുടരാ‍മല്ലോ അല്ലെ, അരവിന്ദാ.
ഭാവങ്ങള്‍ എന്താണ് പാര്‍വതി, അത് നമ്മുടെയൊക്കെ സങ്കല്‍പ്പങ്ങളും തോന്നലുകളുമല്ലെ.
പച്ചാളം, ഇടിവാള്‍, അരവി ശിവ, ഗൃഹാതുരാ; നന്ദി, പരീക്ഷണം പൂര്‍ത്തിയായിട്ടില്ല.
പ്രീയ കവി ലാപുടെ വളരെ വളരെ സന്തോഷം, ഇവിടെ കാണാനായതില്‍.
ആനക്കൂടന്‍ ഇടയിലില്ലല്ലോ കാളിയാ.
നളന്‍, സന്തോഷ്ജി, ഡാലി; നന്ദി,സിനിമാ സങ്കേതം ഉപയോഗിച്ചിട്ടുണ്ട്.
ഇബ്രു, ഇത്തിരിവെട്ടം, മുല്ലപ്പൂ; ശൈലിയില്‍ തന്നെയാണ് ശ്രദ്ധിച്ചത്.
ബിന്ദുജി; ചേതനയറ്റ സ്വന്തം ശരീരം നോക്കി നില്‍ക്കുന്ന കഥാപാത്ര സൃഷ്ടിയില്‍ വല്യ പുതുമയില്ല. ആവിഷ്കാരത്തിലെ വ്യത്യാസം മാത്രമാണ് ഇവിടെ പ്രത്യേകത.

ബെനിച്ചേട്ടന് പ്രത്യേകം നന്ദി പറയുന്നില്ല. നിരന്തര സംവാദങ്ങളിലൂടെ എന്റെ പല വികല കാഴ്ചപ്പാടുകളെയും മാറ്റിമറിച്ചയാളാണ്.
പെരിങ്സ്; കൂടൂതല്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്നു പെരിങ്ങോടനുമായുള്ള സംഭാഷണങ്ങള്‍.

3:46 AM  
Blogger വല്യമ്മായി said...

പുതിയ ശൈലി കൊള്ളാം.

4:07 AM  
Blogger തറവാടി said...

നന്നായിരിക്കുന്നു

2:24 AM  
Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

ഞാന്‍ ഇന്നാണ്‌ ഈ കഥ കാണുന്നത്‌... ഈ അടുത്തകാലത്ത്‌ വായിച്ച നല്ല കഥകളില്‍ ഒന്ന്.... ബ്ലൊഗുകളുടെ സുനാമിയില്‍ ഈ കഥ ശ്രദ്ധിക്കപ്പെടാതെ പോയതില്‍ ദുഖിക്കുന്നു.... കഥപാത്രങ്ങള്‍ മുന്നില്‍നില്‍ക്കുന്നതുപോലെ.... അതാണ്‌ ഇ കഥയുടെ വിജയവും....

ബിജോയ്‌

2:50 AM  

Post a Comment

<< Home