Friday, May 26, 2006

എന്റെ ദക്ഷ

“നകൂ, ഞാന്‍ മരിക്കാന്‍ പോകുന്നു”. പാതിരാത്രിയില്‍ സെല്‍ഫോണിലൂടെ ദക്ഷയുടെ നേര്‍ത്ത സുഖമുള്ള സ്വരം കേട്ടപ്പോള്‍ ഞാന്‍ അമ്പരന്നില്ല.

പതിവ് ചായക്കൂട്ടുകള്‍ക്കിടയില്‍, ഇടയ്ക്കെപ്പോഴോ ചിന്തിക്കാന്‍ കിട്ടുന്ന ഇടവേളയില്‍ അവള്‍ക്ക് തോന്നുന്ന വികാരം. ജീവിതം എന്തിന്? ഒരു നിമിഷം കൊണ്ട് തീര്‍ന്നു പോകാനായി‍. സ്നേഹിക്കാന്‍ തുടങ്ങുമ്പോള്‍ തിരികെ എടുക്കപ്പെടുന്ന ഒന്നായി. അവള്‍ പലതു ചിന്തിച്ചു കൂട്ടും.

പത്താം നിലയിലുള്ള ഓഫീസിലെത്താന്‍ ലിഫ്റ്റില്‍ കയറുമ്പോള്‍ ഒറ്റയ്ക്കാണെങ്കില്‍ ഭയക്കുന്നവള്‍. ‘നകൂ, ആരോ അതിനുള്ളില്‍ വന്ന് എന്നെ നോക്കി ചിരിക്കാന്‍ തുടങ്ങി, ചിരിച്ചു ചിരിച്ച്’...

എല്ലാത്തിനും പോംവഴി പോലെയാണോ അവള്‍ കലപില സംസാരിക്കാന്‍ തുടങ്ങിയത്. അര്‍ധരാത്രിയിലാവും അവള്‍ ചിലപ്പോള്‍ വിളിക്കുക. ഒരുമണിക്കൂറോളം ഞാനെപ്പോഴോ മറന്നുപോയ ഏതൊക്കെയോ കാര്യങ്ങള്‍ പറഞ്ഞിട്ട് അവള്‍ പറയും. ‘ഞാന്‍ വരട്ടെ നിന്റെ ഫ്ലാറ്റിലേക്ക്. മൊട്ടമാടിയില്‍ പോയിരുന്ന് നമുക്ക് വെറുതെ സംസാരിച്ചു കൊണ്ടിരിക്കാം’.

‘വേണ്ട നീ കിടന്നുറങ്ങാന്‍ നോക്കൂ’ എന്ന് ശാസിച്ച് ഞാന്‍ സെല്‍ ഓഫ് ചെയ്യും.

ഏതോ ഒരു ദിവസത്തില്‍ ഓഫീസിലേക്കുള്ള യാത്രയ്ക്കുള്ള വഴിയില്‍ കണ്ടു മുട്ടിയപ്പോള്‍ അവള്‍ പറഞ്ഞു, ‘നകൂ എനിക്ക് നിന്നോട് പ്രണയം തോന്നിത്തുടങ്ങുന്നു. നിനക്കോ?’

‘എനിക്കിമ്പോഴും നീ നല്ല സുഹൃത്ത്, അതിനപ്പുറം ഒന്നുമില്ല’-അവളുടെ മുഖത്ത് കുസൃതിച്ചിരി. ‘ഞാന്‍ വെറുതെ പറഞ്ഞതാ നീ ടെന്‍ഷന്‍ അടിക്കണ്ട’ എന്ന ഒരു തിരിച്ചടി കൂടി നല്‍കി അവള്‍ തിരിഞ്ഞു നടന്നു.

ഒന്നിച്ച് ഒരേ കലാലയത്തില്‍ ഒരേ ക്ലാസില്‍ പഠിച്ചതും ഒരേ സ്ഥലത്ത് ജോലി കിട്ടി എത്തിയതും ഞങ്ങള്‍ക്കിടയിലെ യാദൃശ്ചികത. അമ്മയില്ലാത്ത ഒരു കുട്ടിയോടുള്ള അനുകമ്പ അല്ലായിരുന്നു എനിക്കവളോട്. പ്രസന്നമായ ആ മുഖമാണ് ഞാന്‍ ഇഷ്ടപ്പെട്ടത്. നകുലന്‍ അവിടെ ഉണ്ടല്ലോ ഒരു ആവശ്യത്തിന് എന്ന് അവളുടെ അച്ഛന്‍ പറയും.

പക്ഷെ, കൂടുതല്‍ അടുത്തറിയാന്‍ തുടങ്ങിയപ്പോള്‍ പലപ്പോഴും അകലാന്‍ തോന്നി. ഒരു ബന്ധത്തേയും കൂടുതല്‍ അടുപ്പിക്കാന്‍ അനുവദിക്കാത്ത എന്റെ മനസാവാം കാരണം. അല്ലെങ്കില്‍ എന്റെ മേല്‍ ആരെങ്കില്‍ അമിത സ്വാതന്ത്ര്യം എടുക്കുന്നതിലുള്ള ഇഷ്ടമില്ലായ്ക.

ഒരവധിക്കാലത്ത് ദക്ഷ വീട്ടില്‍ വന്നു പോയപ്പോള്‍ മുത്തശ്ശിയും അമ്മയും പറഞ്ഞു. ആ കുട്ടിയെ ഇങ്ങ് കൊണ്ടു വന്നോളൂ. സൌഹൃദം നടിച്ചു നടന്ന് ഒടുവില്‍ എല്ലാവരെയും പറ്റിച്ച് രഹസ്യമായി വിവാഹിതരായ കൂട്ടുകാരിയോടും കൂട്ടുകാരനോടും ദക്ഷ പറഞ്ഞ വാക്കുകള്‍ ഞാനപ്പോള്‍ ഓര്‍ത്തെടുത്തു. എന്റെ സൌഹൃദത്തെ പ്രണയം കൊണ്ട് തൊട്ട് അശുദ്ധമാക്കാന്‍ ഞാനില്ലെന്ന്.

ഇപ്പോള്‍ ഈ പാതി രാത്രിക്ക് അവള്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നുവത്രെ.

“എന്താണ് ദക്ഷ, നിനക്കെന്താ പറ്റുന്നത്”

“ആരൊക്കെയോ എന്റെ ചുറ്റും നിന്ന് ചിരിക്കുന്നു നകൂ”

“എല്ലാം നിന്റെ തോന്നലാണ്. നീ കിടന്നുറങ്ങൂ”

“എനിക്ക് മരിക്കണം”

ചെറിയ ഒരു വിറയല്‍ എന്റെ കൈകളില്‍ പടര്‍ന്നത് ഞാന്‍ അറിഞ്ഞു.

“ദക്ഷാ ഞാനില്ലെ നിന്റെ കൂടെ. നാമം ചെല്ലൂ, എന്നിട്ട് നക്ഷത്രങ്ങളേയും നിന്റെ പ്രീയപ്പെട്ട റോസാപ്പൂക്കളേയും സ്വപ്നം കണ്ടുറങ്ങൂ”

“നീയുണ്ടോ എന്റെ കൂടെ”

“ഉണ്ട് ദക്ഷ, ഞാനുണ്ട് എപ്പോഴും”

“നകൂ, നിനക്ക് എന്നെയൊന്ന് ചേര്‍ത്തു പിടിച്ചു കൂടെ, ഒരു കഥ പറഞ്ഞു തന്നു കൂടെ” അവളുടെ സ്വരം തീരെ നേര്‍ത്തു പോവുന്നത് ഞാനറിഞ്ഞു.

“എനിക്കു കഥകള്‍ അറിയില്ല ദക്ഷ”

“നീ കള്ളം പറയുന്നു. മുത്തശ്ശി എത്ര കഥകള്‍ നിനക്ക് പറഞ്ഞ് തന്നിട്ടുണ്ട്”

“ഉണ്ട്, പക്ഷെ, എനിക്ക് കഥ പറഞ്ഞു തരാന്‍ അറിയില്ലല്ലോ. നീ മുത്തശ്ശിയെ വിളിച്ചോളൂ”

“എനിക്ക് നിന്റെ കഥകള്‍ കേള്‍ക്കണം” അവള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ഞാനവള്‍ക്ക് മുത്തശ്ശി പണ്ടെന്നോ എന്റെ മനസിലേക്ക് പകര്‍ന്ന പാവയ്ക്കാക്കൊച്ചിന്റെ കഥ പറഞ്ഞു കൊടുത്തു.

പിന്നീടുള്ള രണ്ടു ദിവസം ദക്ഷ എന്നെ വിളിച്ചില്ല. രാവിലെ ഒരേവഴിയില്‍ ഒത്തു ചേര്‍ന്നുള്ള പിരിയലും ഉണ്ടായില്ല. തിരക്ക് പിടിച്ച ജോലിക്കിടയില്‍ നീണ്ടു പോകുന്ന സംഭാഷണത്തിലേക്കായി എന്റെ മൊബൈലില്‍ അവള്‍ എത്താത്തതില്‍ എനിക്ക് സന്തോഷം തോന്നാതെയുമിരുന്നില്ല.

മൂന്നാം നാള്‍ രാത്രിയില്‍ ഓഫീസില്‍ നിന്നും ഫ്ലാറ്റിലേക്ക് ചെന്നു കയറുമ്പോള്‍ വരാന്തയിലെ ചാരു കസേരയില്‍ കിടന്നു മയങ്ങുന്ന ദക്ഷയെ കണ്ട് ഞാന്‍ അമ്പരന്നു. ഞാനവളെ തൊട്ടു വിളിച്ചു.

അവള്‍ പരിഭ്രമിച്ചിരുന്നു. രണ്ടു ദിവസത്തെ ചിന്തയുടെ ഭാരം ഞാനവളില്‍ കണ്ടു. അവളുടെ അമ്മ വീണ്ടും നക്ഷത്രങ്ങള്‍ക്ക് ഇടയിലിരുന്ന് വിളിച്ചിരിക്കാം. ഒരു പുതപ്പിനുള്ളിലേക്ക് ചുരുണ്ടു കൂടി അവള്‍ പലവട്ടം ഞെട്ടികരഞ്ഞിരിക്കാം. പത്താം നിലയിലേക്കുള്ള ലിഫ്റ്റില്‍ ഒറ്റക്കു യാത്ര ചെയ്യുമ്പോള്‍ ആരോ അവളുടെ മുന്നില്‍ വന്ന് ചിരിച്ചു മറിഞ്ഞിരിക്കാം.

എനിക്ക് എന്തു ചെയ്യണമെന്ന് അറിയാതാകുന്നു. ഒരു നിഴല്‍ പോലെ തുടര്‍ന്ന എന്റെ നിശബ്ദതയുടെ താളങ്ങളെ തകര്‍ത്തു കൊണ്ട് എന്നെ ഗൃഹാതുരത്വത്തില്‍ നിന്നും പിടിച്ചുണര്‍ത്തിയവള്‍.

“നകൂ, ഞാന്‍ വെറുതെ, എനിക്കെന്റെ അമ്മയെ ഓര്‍മ്മ വന്നു. നിന്റെ മുത്തശ്ശിയെ ഓര്‍മ്മവന്നു. എനിക്കു നീയൊരു കഥ പറഞ്ഞു തരുമോ. വാക്കത്തിക്ക് പനിപിടിച്ച കഥ, പാവയ്ക്കാക്കൊച്ചിന്റെ കഥ”

എന്റെ അമ്പരപ്പ് എപ്പോഴാണ് അവസാനിച്ചതെന്നും ഞാനെപ്പോഴാണ് കഥ പറഞ്ഞു തുടങ്ങിയതെന്നും അത് എവിടെയാണ് അവസാനിച്ചതെന്നും എനിക്കറിയില്ല. ഉണരുമ്പോള്‍ കട്ടിലിനരികെ സ്റ്റൂളില്‍ ഒരു കപ്പ് കാപ്പിയുണ്ടായിരുന്നു. പത്രമുണ്ടായിരുന്നു. അടുക്കളയില്‍ പാത്രങ്ങള്‍ കൂട്ടിമുട്ടുന്ന ശബ്ദമുണ്ടായിരുന്നു. ഞാനറിഞ്ഞു. കഥ അവസാനിച്ചിട്ടില്ലെന്ന്. ഞാന്‍ കാതോര്‍ക്കുകയാണ് എന്റെ ദക്ഷയുടെ ആദ്യ ശകാരത്തിനായി.

Thursday, May 18, 2006

ബല്‍‌റാം ഓടുന്നു, ബാബുവേട്ടന്‍ സൈക്കിള്‍ ചവിട്ടുന്നു

ഐ വി ശശി വീണ്ടും നല്ല കാലത്തിലേക്ക് എത്തുമ്പോള്‍ മറ്റൊരാള്‍ കോടമ്പാക്കത്തെ തെരുവുകളിലൂടെ അന്നത്തിനു വകതേടി സൈക്കിള്‍ ചവിട്ടുന്നുണ്ട്. ഐ.വി സതീഷ് ബാബു. ഐ.വി ശശിയുടെ അനിയന്‍. മികച്ച കലാസംവിധായകനുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുള്ള വ്യക്തി. നമ്മള്‍ ഓര്‍ത്തിരിക്കുന്ന പല ഐ.വി ചിത്രങ്ങളുടെയും കലാസംവിധായകന്‍ ഐ.വി സതീഷ് ബാബുവായിരുന്നു.

ചെന്നൈയില്‍ വന്ന സമയം, ഒരു ഞായറാഴ്ച റൂമിലേക്ക് എത്തിയ അപരിചിതനായി ആയിരുന്നു ഐ.വി സതീഷ് ബാബുവുമായുള്ള എന്റെ ആദ്യ കണ്ടുമുട്ടല്‍. അത്യാവശ്യം സിനിമ ബന്ധങ്ങളുള്ള സഹമുറിയന്‍ ഗോപകുമാറാണ് പരിചയപ്പെടുത്തിയത്. മെല്ലിച്ച് പാതി കഷണ്ടി തിന്ന തലയും നന്നായി കറുപ്പിച്ച മീശയുമായി, ഒരുകാലത്തെ പ്രശസ്തിയുടെ ചിരിയേതുമില്ലാതെ.

അത്യാവശ്യം പെയിന്റിംഗ് ജോലികളും ഇടയ്ക്കു കിട്ടുന്ന സിനിമയുടെ ടൈറ്റില്‍ ജോലികളുമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതമാര്‍ഗമാകുന്നത്. പണവും പ്രശസ്തിയും അസ്തമിച്ചതോടെ ഭര്‍ത്താവിനെ വേറെ ചില പേരുകള്‍ വിളിച്ചു തുടങ്ങിയ ഭാര്യയെക്കുറിച്ച് ബാബുവേട്ടന്‍ പറയാറുണ്ട്.

ഇപ്പോള്‍ വൈകുന്നേരങ്ങളില്‍ ഞങ്ങളുടെ ടെലിവിഷനുമുന്നിലെ കാഴ്ചക്കാരനായി അദ്ദേഹം എത്തും. സിനിമയുടെ അണിയറ കഥകളും പഴയ സിനിമകളെക്കുറിച്ചും ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തന്നും ഇടയ്ക്കു കടം വാങ്ങിയും നിസംഗനായി ഒരു മനുഷ്യന്‍. യഥാര്‍ഥ താര ലോകത്തിന് അപ്പുറമുള്ള ഒരു ജീവിതമാണ് അദ്ദേഹം നല്‍കുന്നത്. ഇപ്പോഴത്തെ ചെറുപ്പക്കാര്‍ സാങ്കേതികതയില്‍ മാത്രം ഊന്നുന്നവരാണെന്നാണ് അദ്ദേഹത്തിന്റെ പ്രധാന വിമര്‍ശനം.

സീമയുടെ കടന്നു വരവും അധികാരം പിടിച്ചെടുക്കലുമാണ് ഐ.വി ശശിയുടെ തിരിച്ചടികള്‍ക്ക് തുടക്കമായത് എന്നാണ് നിരീക്ഷണം.

ഇങ്ങനെയെല്ലാമായ ബാബുവേട്ടനുമായി ബ്ലോഗുലകത്തിലെ ഒരു സീനിയര്‍ ബ്ലോഗര്‍ ഒരിക്കല്‍ ഏറ്റുമുട്ടി. സിനിമക്കാര്‍ എല്ലാവരും മോശക്കാരാണെന്ന അഭിപ്രായവുമായി ബ്ലോഗര്‍ ഒരു വശത്തും നിങ്ങള്‍ അങ്ങനെ പറയരുതെന്ന വാദവുമായി ബാബുവേട്ടന്‍ മറുവശത്തും.

പിന്നെ നടന്നത് ഘോര സംഘടനമാണ്. അകമ്പടിയായി ബിയര്‍ പലതു പൊട്ടിയതോടെ വിഷയം പുതിയ തലങ്ങളിലെത്തി. ഒടുവില്‍ അവളുടെ രാവുകളിലെ സീമയുടെ അഭിനയത്തെ കുറിച്ചുള്ള സംഭാഷണത്തിലെത്തിയപ്പോള്‍ നമ്മുടെ കലാസംവിധായകന്‍ ഇറങ്ങി ഓടിക്കളഞ്ഞു.

Monday, May 15, 2006

ഈ ബ്ലോഗുലകത്തിലേക്ക് ഞാനും എത്തുന്നു...