Wednesday, July 12, 2006

ഒരു പുഴ പാട്ടു മൂളവെ...

പുഴയുടെ താരാട്ടു പാട്ടല്ല. ദീനരോദനമാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. എന്തും ഏതും കൊടുക്കല്‍ വാങ്ങലിനു വഴിമാറുന്ന ഇക്കാലയളവില്‍ ഒരു കൂട്ടം ആളുകളുടെ അത്യാഗ്രഹത്തിന് ഇരയായിക്കൊണ്ടിരിക്കുന്നു ഇവിടുത്തെ പുഴകളും തോടുകളുമെല്ലാം.

ആ ഇരകളില്‍ ഒന്നു മാത്രമാണ് തൊടുപുഴയാറും. വ്യാപകമായ കൈയ്യേറ്റമാണ് ഇരു വശങ്ങളിലുമായി നടക്കുന്നത്. ലോഡു കണക്കിനു കല്ലുകള്‍ കെട്ടിയെടുക്കലിനായി പുഴയിലേക്ക് കൊണ്ടിറക്കിയിരിക്കുന്നു. വ്യത്യസ്തമായ സമരമുറകള്‍ പരീക്ഷിച്ച് കയ്യേറ്റത്തെ ചെറുക്കുകയാണ് ജനകീയ സംരക്ഷണ സമിതി. പുഴയുടെ നടുക്ക് ചങ്ങാടം കെട്ടി ഉപവാസ സമരവും ദീപമൊഴുക്കലും രാത്രികാവലുമെല്ലാമായി ഒരു കൂട്ടം ചെറുപ്പക്കാര്‍ ചോരത്തിളപ്പോടുകൂടി രംഗത്തിറങ്ങിയിരിക്കുന്നു.

തോടുകളും പുഴകളുമൊക്കെ നഗ്നമായ കൈയേറ്റത്തിനു വിധേയമാകുന്നതും മലകള്‍ ഇടിച്ചു നിരത്തുന്നതും കേരളത്തിലങ്ങോളം നടക്കുന്നുണ്ട്.

പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍, കച്ചവട മനസ്സില്ലാത്ത ഒരു വിഭാഗം ഇപ്പോഴും ഇവിടെ ജീവിക്കുന്നു എന്നത് ആശ്വാസകരം തന്നെ.

(സമരവും കേസുമായി രംഗത്തിറങ്ങിയിരിക്കുന്ന എന്റെ നാട്ടിലെ കൂട്ടുകാര്‍ക്ക് അഭിവാദ്യങ്ങള്‍)