Friday, September 29, 2006

മിണ്ടല്ലെ, അപ്പു ഉറങ്ങട്ടെ...

"ഇവിടെ വാ അപ്പൂ", അവള്‍ ചോറുരുളയുമായി മോന്‍റെ പിന്നാലെ നടന്നു.

"അമ്മയ്ക്കെന്നെ പിടിക്കാന്‍ പറ്റ്വോ"- മുറ്റത്തൂടെ ഓടി നടന്ന് അപ്പു കൊഞ്ചി.

അവള്‍ ഓടി മടുത്തു. "അമ്മയ്ക്ക് വയ്യാട്ടോ ഓടാന്"‍.

"അമ്മയെന്നെ പിടിക്കാന്‍ വാന്നെ"- അപ്പു കൈയ്യില്‍ ചരല്‍ക്കല്ലെടുത്ത് കാക്കയെ എറിഞ്ഞു.

"ദേ, നോക്കിയേ അപ്പൂ, നമ്മടെ മാവിന്‍റെ കൊമ്പത്ത് ഒരണ്ണാനിരിക്കണത്".

"ങേ, എന്നാ അമ്മെ"

"ദേ, അണ്ണാന്‍ കുഞ്ഞ് നമ്മടെ മാമ്പഴം പറിച്ചോണ്ട് പോണു".

"എവിടെ" -അപ്പു മേലേക്ക് നോക്കി ഓടി വന്നു. അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങി കുഞ്ഞിക്കൈ മോലോട്ട് ചൂണ്ടി.

അവള്‍ ചോറ് ഒരുളയാക്കി വായില്‍ വച്ചു കൊടുത്തു. ചോറു വിഴുങ്ങി അപ്പു വീണ്ടും ചോദിച്ചു- "എവിടാമ്മേ, മോന്‍ കണ്ടില്ലല്ലോ".

"ദേ അങ്ങ് മോളില്‍ ആ എലേടെ എടേല് കണ്ടോ. അപ്പൂന്‍റെ ചോറ് തട്ടിയെടുക്കാന്‍ വര്വാ. വേഗം കഴിച്ചോ".

അപ്പു ചോറുരളകള്‍ വേഗം വായിലാക്കി. അവള്‍ അപ്പൂനെയും എടുത്ത്, പൂവിനോടും പൂമ്പാറ്റയോടും എല്ലാം സംസാരിച്ച് ഗേറ്റിലേക്ക് നടക്കുമ്പോള്‍ പൂച്ച കുറുകെ ചാടി. പൂച്ചയെ കണ്ടതും അപ്പു അവളുടെ എളിയില്‍ നിന്ന് ഊര്‍ന്നിറങ്ങി പിന്നാലെ ഓടി. 'നിക്ക് വീഴൂട്ടോ' എന്നു പറഞ്ഞ് അവള്‍ പിന്നാലെയും, ഒരു വേരില്‍ തട്ടി അവള്‍ കൂട്ടിയിട്ട കല്ലിലേക്ക് മറിഞ്ഞു.

എന്തിനാ ഈ അപ്പൂ കരയണെ. എവിടെ, എവിടെ, അവള്‍ ചുറ്റും നോക്കി. വീടിനു മുന്നില്‍ പന്തല്‍ ഇട്ടിരിക്കുന്നു. ആളുകള്‍ അങ്ങുമിങ്ങും നടക്കുന്നു. ആരാ ഇവരൊക്കെ, എന്താ വിശേഷിച്ച്. അപ്പൂ, അവള്‍ നീട്ടി വിളിച്ച് വാതില്‍ക്കലേക്ക് നടന്നു.

ആരാ രാമായണം വായിക്കുന്നത്. ഈ അമ്മേം അച്ഛനും എന്താ പറഞ്ഞോണ്ടിരിക്കണെ. ഇവിടെ നിറയെ ആളാണല്ലോ. മൂലയില്‍ ഭര്‍ത്താവ് അപ്പൂനേയും എടുത്ത് നില്‍ക്കുന്നു. ഇങ്ങനെ കരയാന്‍ ഈ കുട്ടിക്ക് എന്താ പറ്റിയേ.

അവള്‍ മുന്നോട്ടാഞ്ഞപ്പോള്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ ഒരു ശരീരം കണ്ടു ഞെട്ടി. ആരാ മരിച്ചേ അവള്‍ സൂക്ഷിച്ചു നോക്കി. അയ്യോ, എന്നേ പോലെ തന്നെയിരിക്കണല്ലോ. ദൈവമേ, ആരാ, അവള്‍ സ്വന്തം ശരീരത്തിലേക്ക് നോക്കി. പിന്നെ ചുറ്റിനും. അവള്‍ക്ക് മാത്രം കേള്‍ക്കാവുന്ന ഒച്ചയില്‍ ഒരു നിലവിളിയുയര്‍ന്നു‍. ഞാന്‍, ഞാന്‍ എന്‍റെ ചേട്ടന്‍, എന്‍റെ അപ്പു. ചരല്‍ക്കല്ലിനിടയിലെ വേരുകള്‍ അപ്പോള്‍ അവള്‍ക്ക് ഓര്‍മ്മവന്നു.

"ഉമേ", കസേര പിന്നിലേക്ക് തെറുപ്പിച്ച് ഹരിശങ്കര്‍ ആധിയോടെ എഴുനേറ്റു. മൌസ് കൈയില്‍ നിന്നും തെറിച്ചു പോയി. "എന്താ ഉമേ എന്താ എന്തിനാ വാവ കരയണെ".

"കൊതുകു കടിച്ചിട്ടാന്നു തോന്നണൂ. ഇതെന്താ വേര്‍ത്തിരിക്കണല്ലോ".

"ഒന്നൂല്യ. ഹരിശങ്കര്‍ ആശ്വാസത്തോടെ അവളെ നോക്കി".

"കഥാഭ്രാന്ത് പിടിച്ചുണ്ടാവുല്ലെ. ഏത് കഥാപാത്രമാ ഇപ്പോ ആവേശിച്ചെ. ഈ ഹരിയേട്ടനുമൊണ്ട്, ഒരു ബ്ലോഗുമൊണ്ട്, വന്നു കിടക്കാന്‍ നോക്കൂട്ടോ".

"ഇപ്പോള്‍ വരാം".

അയാള്‍ കമ്പ്യൂട്ടറിനു മുന്നിലേക്ക് ഓടി, ഹരിശങ്കര്‍ കര്‍സര്‍ അവസാനത്തില്‍ വച്ച് ബായ്ക്ക് സ്പേസില്‍ അമര്‍ത്തിപ്പിടിച്ചു. കഥയിപ്പോള്‍ അപ്പുവിന്‍റെ കരച്ചിലിലേക്കെത്തി.

എന്തിനാ ഈ അപ്പൂ കരയണെ. അവള്‍ വാതില്‍ തുറന്ന് അകത്തേക്ക് കയറി. സന്ധ്യാദീപം തെളിച്ചിട്ടുണ്ട്. പായിലിരുന്ന് മുത്തശ്ശി രാമായണം വായിച്ച് കുട്ട്യോള്‍ക്ക് കഥ പറഞ്ഞ് കൊടുക്കുന്നു. അവള്‍ മുന്നോട്ടാഞ്ഞു. അവളുടെ തലയില്‍ ഒരു ചെറിയ മുറിപ്പാടുണ്ട്.

"ദാ എവനെയെടുത്തോളൂ. എല്ലാരെം കൂടി കണ്ടപ്പോള്‍ തുടങ്ങിയതാ"-അയാള്‍ കുട്ടിയെ അവള്‍ക്ക് നീട്ടി.

അവള്‍ അപ്പുവിനെ വാങ്ങി. "ഇങ്ങനാണോ അപ്പൂസെ വേണ്ടെ. എല്ലാരും ചിറ്റേടെ കല്യാണത്തിനു വന്നതല്ലെ. ഇതാരൊക്കെയാന്ന് നോക്കിയെ. വിഷ്ണൂട്ടന്‍, കുട്ടൂസ്..." അവളുടെ തോളിലേക്ക് തലചായ്ച്ച് അപ്പു ഉറക്കത്തിലേക്ക് വഴുതാന്‍ തുടങ്ങിയിരുന്നു.

"വന്നു കിടക്കൂട്ടോ.. " ഉമ വിളിക്കുന്നു. ഹരിശങ്കര്‍ മോണിറ്റര്‍ ഓഫ് ചെയ്ത് എഴുന്നേറ്റു.

അയ്യോ, അപ്പോള്‍ കഥ പൂര്‍ത്തിയായില്ലല്ലോ.

'ശ് മിണ്ടല്ലെ അപ്പു ഉറങ്ങട്ടെ'.

----------കട്ട്‌---------

Monday, September 25, 2006

മരണം നമ്മെ അനുഭവിപ്പിക്കുന്നത്

മരണം തന്നെയാണ് സര്‍ഗാത്മകതയുടെ ഏറ്റവും വലിയ പ്രചോദനം. മരണത്തെ അക്ഷരത്തിലേക്ക് പകര്‍ത്തുമ്പോള്‍ കവിതയുണ്ടാകുന്നു. അതിനെ ശിലയില്‍ കൊത്തുമ്പോള്‍ ശില്പമുണ്ടാകുന്നു. മരണത്തിനു ശബ്ദം നല്‍കുമ്പോള്‍ സംഗീതം. അതിനെ ധ്യാനിക്കുമ്പോള്‍ ജിവിതം. സൌന്ദര്യത്തിന്‍റെ നിത്യപ്രഭവമായ മരണത്തെ യമനായല്ല, യമിയായ സ്ത്രീവാദിയായി സങ്കല്‍പ്പിക്കാനാണ് എനിക്കിഷ്ടം (സംയമി) -സുഭാഷ് ചന്ദ്രന്‍

സമയവും കാലവും കൃത്യതയില്ലാതെയാണ് ഇപ്പോള്‍ കടന്നു വരുന്നത്. അല്ലെങ്കിലും ഓര്‍മ്മകള്‍ക്കു മുന്നില്‍ സമയ കാലങ്ങളല്ലല്ലോ ആദ്യം തെളിയുക. ചില ചിത്രങ്ങള്‍ രൂപങ്ങള്‍, പിന്നെ അവ ചലിക്കാന്‍ തുടങ്ങുന്നു. ചിലത് പാഠങ്ങളാണ്, അവസാനം വരേക്കുമുള്ള പാഠം. ഒരു നിമിഷത്തില്‍ അവസാനിച്ചു പോകുന്ന ജന്മം തന്നെ നിന്‍റേതും. ഓര്‍മ്മപ്പെടുത്തലുകള്‍ പോലെ ഇത്തരം ചിലത്.

മരണത്തിനും ശിവാനന്ദനും ഇടയ്ക്ക്

പഠനവും, ഹോട്ടലിലെ പാര്‍ട്ട്‌ടൈം കാഷ്യര്‍ ജോലിയുമായും നടക്കുന്ന കാലത്തിലെ ഒരു ദിനം. സമയം രാത്രി പത്തുമണി. തൊടുപുഴ പാലത്തിലൂടെ അക്കരെ കടക്കാന്‍ നടക്കുമ്പോള്‍ കന്നടക്കാരന്‍ ശിവാനന്ദന്‍ മുന്നിലേക്ക് വന്നു ചാടി. പത്താം വയസില്‍ ഹോട്ടല്‍ ജോലിക്കായി ഈ നഗരത്തിലേക്ക് വന്നുപെട്ടവന്‍. പന്ത്രണ്ടു വര്‍ഷമായി, അവന്‍ സ്വന്തബന്ധങ്ങളില്ലാതെ പലതിനോടും കലഹിച്ച് സ്വന്തം ഇഷ്ടങ്ങളിലൂടെ നടക്കുന്നു. കുറച്ചു മാത്രം അടുപ്പങ്ങളോ വാതോരാതെ സംസാരിച്ച്.

പതിവുള്ള കലപില സംസാരങ്ങളില്ലാതെ. എതോ ആഴങ്ങളില്‍ അകപ്പെട്ടവന്‍റെ പരിഭ്രാന്തിയോടെ ഇന്നവന്‍ എന്‍റെ മുന്നില്‍ നില്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അമ്പരന്നു. ഓരോ വാക്കും അളന്നു തൂക്കി എന്തൊക്കെയോ പുലമ്പാന്‍ തുടങ്ങി അവന്‍. സാധാരണ അവന്‍ പറയുന്നത് പകുതിയെ എനിക്ക് മനസിലാകാറുള്ളൂ. അത്ര വേഗതയുണ്ട് ശിവയുടെ സംസാരത്തിന്.

എന്താ ശിവാ. എന്തു പറ്റി? ഞാന്‍ ചോദിച്ചു.

കാശ് കിട്ടിയില്ല. നാളെ അത്യാവശ്യമായി ഒരാള്‍ക്ക് കൊടുക്കാനുണ്ടായിരുന്നു.

മുതലാളിയോട് ചോദിച്ചില്ലെ.

ചോദിച്ചു, നാളെയാവട്ടെ എന്നു പറഞ്ഞു.

ഒരു നാളേക്ക് വേണ്ടി കാത്തിരിക്കാവുന്ന അവസ്ഥയില്‍ ആയിരുന്നില്ല ശിവാനന്ദന്‍ എന്ന് എനിക്കു തോന്നി. അവനു വേണ്ടി ഞാനൊന്ന് പറയണം. മുതലാളിയുടെ അപ്പോഴത്തെ അവസ്ഥ അറിയാവുന്നതും കൊണ്ടും അത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ ആഗ്രഹമില്ലാതിരുന്നതു കൊണ്ടും നാ‍ളെ ശരിയാക്കാം എന്ന് പറഞ്ഞ് ഞാന്‍ അവനുമായി നടന്നു. അവന്‍ ഒന്നും മിണ്ടിയില്ല. ആനക്കൂട് കടവ് റോഡിലൂടെ പോകുമ്പോള്‍ ഇടയ്ക്കു വച്ചുള്ള ഇടവഴിയില്‍ എത്തുന്നതു വരെ നിലനിന്ന ഒരേ താളത്തിന് ഏതെങ്കിലും അനുബന്ധ അര്‍ത്ഥങ്ങള്‍ സങ്കല്‍പ്പിച്ചെടുക്കാന്‍ എനിക്കായില്ല.

സാധാരണ ഞാന്‍ ശിവാനന്ദനെ കണ്ടു മുട്ടുന്നത് ഇവിടെ ഈ ഇടവഴിയില്‍ വച്ചാണ്. അവിടെ ഒരു പട്ടരുടെ വീട്ടിലാണ് (സിനിമാ നടി ചഞ്ചലിന്‍റേ തറവാട്ടു വീട്) ശിവാനന്ദന്‍ താമസിക്കുന്നത്. ജയ് ഹനുമാന്‍ സീരിയലും കഴിഞ്ഞ് പത്തരമണിക്ക് റോഡിലേക്ക് ചേരുന്ന ഈ ഇടവഴിയില്‍ ഇറങ്ങി നില്‍പ്പുണ്ടാവും അവന്‍. അന്നത്തെ സീരിയലിന്‍റെ കഥ എന്നെ പറഞ്ഞു കേള്‍പ്പിക്കും.

വല്ലാത്ത മൌനത്തിന്‍റെ കൂടു പൊളിച്ച്, ശരി നാളെ കാണാം ശിവ എന്നു പറഞ്ഞ് മുന്നോട്ട് നടക്കുമ്പോള്‍, പതിവുകള്‍ തെറ്റിച്ച നിശബ്ദതയാണ് എനിക്കു മറുപടിയായി ലഭിച്ചത്. കുറേ ദൂരം നടന്ന് പിന്നിലേക്ക് നോക്കുമ്പോള്‍ ശിവാനന്ദന്‍ റോഡില്‍ കൈകള്‍ പിണച്ചു കെട്ടി നില്‍പ്പുണ്ടായിരുന്നു. ഒരു രാത്രിയുടെ അന്ത്യ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി ചിന്തകള്‍ സ്വപ്നങ്ങള്‍ക്ക് അടിയറവെച്ച് ഉറക്കം. രാവിലെ അലാറം അടിച്ചത് ഓഫ് ചെയ്ത് വീണ്ടും കിടന്നു. പാതി മയക്കത്തില്‍ പേരു ചൊല്ലി ആരോ ഉറക്കെ വിളിക്കുന്നു. കേട്ടില്ലെന്ന് നടിച്ച് ഒന്നു കൂടി മൂടിപ്പുതച്ചു. വിളികളും കതകില്‍ മുട്ടലും ഏറിയപ്പോള്‍ ദേഷ്യത്തോടെ എഴുനേറ്റ് പുറത്തു വന്നു. ഹോട്ടലിലെ സൂപ്പര്‍വൈസര്‍ മുന്നില്‍.

വേഗമൊന്ന് വാ, ശിവാനന്ദന്‍ ദാണ്ടെ ആ മുറിയില്‍ ചത്തുകിടക്കുന്നു. രണ്ടെ രണ്ടു, വാക്കില്‍ അയാള്‍ പറയുമ്പോള്‍ ഞാന്‍ അമ്പരന്നു. ഒന്നും മിണ്ടാനാവാതെ. ജീവിക്കാന്‍ വേണ്ടി പത്താം വയസില്‍ ഹോട്ടല്‍ ജോലി തേടിവന്നവന്‍റെ മരണം വെറും ചത്തുകിടക്കലാണെന്ന് ഞാന്‍ അറിഞ്ഞു. ഒരു പഴവും വിഷവും അവസാന ഭക്ഷണമായതിന്‍റെ ശേഷിപ്പുകള്‍ ശിവാനനന്ദന്‍റെ മുറിയില്‍ ചിതറിക്കിടന്നു.

താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ശവത്തിനാരും കണക്ക് പറയാനുണ്ടായിരുന്നില്ല. ഒരു പതിനായിരത്തിന്‍റെ പണക്കിഴിയുമായി ആംബുലന്‍സില്‍ അവന്‍റെ നാടറിയാവുന്ന രണ്ട് ജീവനുകള്‍ക്കൊപ്പം വൈകുന്നേരത്തോടെ ശിവയുടെ ശരീരം നീങ്ങി. അവന്‍റെ റൂമില്‍ നിന്ന് കിട്ടിയ എല്‍ ഐ സി പോളിസി അവകാശിയായി അവന്‍ ചേര്‍ത്തിരുന്നത് അവന്‍റെ കൂട്ടുകാരന്‍റെ പേര്. അതേ പേരിന്‍റെ ആദ്യ അക്ഷരം അവന്റെ കൈയില്‍ പച്ച കുത്തിയിരുന്നു എന്ന് പിന്നീട് ആരൊക്കെയോ പറയുന്നതും കേട്ടു. മരണത്തിനും ശിവാനന്ദനും ഇടയിലേക്ക് തൊടുപുഴപാലത്തിനു മുകളില്‍ വച്ച് ദൈവം എന്നെ കൊണ്ടു വന്നു നിര്‍ത്തിയെങ്കിലും അനിവാര്യമായ എന്തിനോ വേണ്ടി ഞാന്‍ ഇറങ്ങി മാറി.

വീണ്ടും അവന്‍, അതോ അവളോ?

സ്ഥലം തിരുവനന്തപുരം. പുതിയ മേച്ചില്‍ പുറങ്ങളില്‍ ജീവിതം തേടി നടക്കുന്ന സമയം. വെള്ളയമ്പലത്തെ ട്രാഫിക് ക്രോസ് ചെയ്യുകയായിരുന്നു. ആ‍ദ്യത്തെ ട്രാഫിക് ഐലന്‍റ് കഴിഞ്ഞ് രണ്ടാമത്തേതിലേക്ക് നീങ്ങുമ്പോള്‍ കവടിയാര്‍ ഭഗത്തു നിന്നും സ്കൂട്ടര്‍ വരുന്നുണ്ടായിരുന്നു. എന്റെ മുന്നില്‍ രണ്ടു കോളേജ് പെണ്‍കുട്ടികള്‍ മാത്രം. മെല്ലെ നടന്ന് റോഡ് ക്രോസിംഗ് പോയിന്‍റിലേക്ക് എത്തുമ്പേഴേക്കും, ട്രാഫിക് ഐലന്‍റ് കറങ്ങി വന്ന പൊലീസ് ബസ് സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. റോഡില്‍ വീണയാളുടെ അരക്കെട്ടിലൂടെ വണ്ടിച്ചക്രങ്ങള്‍ കയറിയിറങ്ങുന്ന കാഴ്ച. പിന്നൊരു നിമിഷം. അയാള്‍ ഒന്നു പിടയുകയും ഗര്‍ഭ പാത്രത്തിലേക്കുള്ള ആദിമ ചുരുളല്‍ പോലെ വളഞ്ഞു കൂടുകയും ചെയ്തു.

എന്‍റെ കണ്ണുകള്‍ക്ക് മുന്നില്‍ വെളുത്ത പ്രകാശം നിറയാന്‍ തുടങ്ങുമ്പോള്‍, അയ്യോ എന്‍റമ്മേ, എന്നു നിലവിളിച്ച് എനിക്കു മുന്നേ പോയ പെണ്‍കുട്ടി പിന്തിരിഞ്ഞ് എന്റെ മേലേക്ക് ഓടിക്കയറി. ഒരു തരം വല്ലാത്ത വികാര ശൂന്യതയോടെ, ദേഹമാകെ പടര്‍ന്നു കയറിയ തണുപ്പോടെ ഞാന്‍ മുന്നോട്ട് നടക്കുമ്പോള്‍ കൂട്ടുകാരിയുടെ കൈയ്യില്‍ പിടിച്ച് കരയുകയായിരുന്നു അവള്‍. ഓടിക്കൂടുന്ന ആളുകള്‍ക്കിടയിലൂടെ മണിക്കൂറുകള്‍ നീണ്ട മരവിപ്പിലേക്ക് ഞാന്‍ നടന്നു പോയി.

തുടരുന്ന കാഴ്ചകള്‍

ഇന്ന്, കോഴിക്കടകളുടെ മുന്നിലൂടെ കടന്നു പോകുമ്പോള്‍ കഴുത്ത് കണ്ടിച്ച് കാനില്‍ ഇട്ട കോഴിയുടെ പിടച്ചില്‍ എന്നില്‍ ഒരു നിലവിളിയായി നിറയുന്നുണ്ട്. തുമ്പിയെ പിടിച്ച് വാലില്‍ നൂല്‍കെട്ടി പറത്തി രസിച്ചതും, ഒടുവില്‍ അത് വാലറ്റ് വീഴുന്നതും, അടയ്ക്കാമരത്തിന്‍റെ പൊത്തില്‍ നിന്ന് അമ്പിളിമാമനെ ഈര്‍ക്കിലി കൊണ്ട് തോണ്ടിയെടുത്ത് ഇളം തിണ്ണയില്‍ ഇട്ട് ഓടിപ്പിച്ചതും, അങ്ങനെ എത്രയെത്ര എത്രയെത്ര നിമിഷങ്ങള്‍ ഓര്‍മ്മത്തുമ്പില്‍ നിന്നും വേരറ്റു വീണ് പിടയുന്നു.